ഭാര്യയുടെ ഉപദ്രവം കാരണം ജീവിതം നശിച്ച യുവാവിന് കോടതി രക്ഷകനായി

ഭാര്യയുടെ ശാരീരികവും മാനസികവുമായ പീഡനം കാരണം ജീവിതം നശിച്ച യുവാവിന് കോടതി രക്ഷകനായി. ദക്ഷിണമുംബൈയിലുള്ള ബിസിനസ്സുകാരനാണ് ബോംബെ ഹൈക്കോടതി വിവാഹമോചനം അനുവദിച്ചത്. 2006ല്‍ വിവാഹിതനായ തനിക്കും വീട്ടുകാര്‍ക്കും നേരെ ഭാര്യയുടെ ഭാഗത്തുനിന്നുണ്ടായത് ക്രൂരമായ പീഡനങ്ങളായിരുന്നു എന്ന് യുവാവ് കോടതിയില്‍ പറഞ്ഞു. കാന്‍സര്‍ ബാധിതയായ തന്റെ അമ്മയെപോലും ഭാര്യ ശാരീരികമായി ഉപദ്രവിക്കുമായിരുന്നു.

2007ലാണ് ഉപദ്രവം ആരംഭിച്ചത്. അതേവര്‍ഷം തന്നെ സ്ത്രീധനം ആവശ്യപ്പെട്ട് താനും വീട്ടുകാരും പീഡിപ്പിക്കുകയാണെന്നാരോപിച്ച് ഭാര്യ വ്യാജപരാതി നല്കി. അതിന്മേല്‍ തന്നെയും പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്യുകയും സത്യം മനസിലായപ്പോള്‍ വിടുകയും ചെയ്തു എന്ന് യുവാവ് പറയുന്നു. അതുപോലെ നിരവധി വ്യാജപരാതികളാണ് ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരേ യുവതി നല്‍കിയിരുന്നത് എന്നും കോടതി കണ്ടെത്തി. 2009ലാണ് വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് പരാതി ഫയല്‍ ചെയ്തത്. വിവാഹമോചനം അനുവദിച്ച കോടതി യുവതിയോട് ഭര്‍ത്താവിന് 50,000 രൂപ കോടതിച്ചെലവ് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിക്ക് അനുകൂലമായ കുടുംബക്കോടതി വിധി റദ്ദ് ചെയ്താണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.