മെട്രോയ്ക്ക് ഉള്ളില്‍ തമ്മില്‍ കെട്ടിപ്പിടിച്ച കമിതാക്കളെ യാത്രക്കാര്‍ മര്‍ദിച്ച് പുറത്താക്കി

കൊല്‍ക്കത്ത മെട്രോയിലാണ് സംഭവം. കൊല്‍ക്കത്തയിലെ ദം ദം മെട്രോ സ്റ്റേഷനിലാണ് സഹയാത്രക്കാര്‍ കമിതാക്കളെ മര്‍ദിച്ചതിന് ശേഷം തീവണ്ടിയില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ടത്. യാത്രക്കാരില്‍ ഒരാള്‍ പങ്കുവെച്ച ചിത്രത്തില്‍ കമിതാക്കള്‍ കെട്ടിപ്പിടിക്കുന്നതും അവരെ ഒരുകൂട്ടം ആളുകള്‍ മര്‍ദിക്കുന്നതും വ്യക്തമാവുന്നുണ്ട്. സംഭവത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ ദം ദം മെട്രോ സ്‌റ്റേഷനില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. വിദ്യാര്‍ഥികള്‍ അടക്കമുള്ളവരുടേ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

സദാചാര ഗുണ്ടായിസം അവസാനിപ്പിക്കുക എന്നതടക്കമുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. സംഭവം വിവാദമായതോടെ മെട്രോ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് യാതൊരു ഔദ്യോഗിക പരാതിയും അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുള്ള ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.