താന്‍ നന്നായി വസ്ത്രധാരണചെയ്യാത്ത സാധാരണക്കാരന്‍ എന്ന് മോദി

താന്‍ നന്നായി വസ്ത്രധാരണചെയ്യാത്ത സാധാരണക്കാരന്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതുകൊണ്ടാണ് താന്‍ പാര്‍ലമെന്റില്‍ പോകാത്തത് എന്നും മോദി പറയുന്നു. ‘കോണ്‍ഗ്രസ് അധ്യക്ഷനെപ്പോലെയുള്ള ശക്തരായ വ്യക്തികള്‍ക്കൊപ്പം നന്നായി വസ്ത്രധാരണംചെയ്യാന്‍പോലും കഴിയാത്ത തന്നെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് ഇരിക്കാന്‍ കഴിയില്ല എന്നാണു മോദി പറഞ്ഞത്. പാര്‍ലമെന്റിനെ അഭിമുഖീകരിക്കാന്‍ പ്രധാനമന്ത്രി മോദിക്ക് ഭയമാണെന്ന് രാഹുല്‍ഗാന്ധി കഴിഞ്ഞമാസം അമേഠിയില്‍ നടന്ന ചടങ്ങിനിടെ ആരോപിച്ചിരുന്നു. ഇതിനു മറുപടിയാണ് മോദി നല്‍കിയത്.

റാഫേല്‍ യുദ്ധവിമാന കരാറിനെപ്പറ്റി പാര്‍ലമെന്റില്‍ 15 മിനിട്ട് സംസാരിക്കാന്‍ തനിക്ക് അവസരം ലഭിച്ചാല്‍ പ്രധാനമന്ത്രിക്ക് അത് താങ്ങാന്‍ കഴിയില്ലെന്ന് രാഹില്‍ഗാന്ധി പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ മോദി നല്‍കിയത്. കൂടാതെ കര്‍ണാടക സര്‍ക്കാരിനെ നേട്ടങ്ങളെപ്പറ്റി 15 മിനിട്ടുനേരം സംസാരിക്കാന്‍ അദ്ദേഹം രാഹുലിനെ വെല്ലുവിളിച്ചു. ഹിന്ദിയിലോ, ഇംഗ്ലീഷിലോ താങ്കളുടെ മാതൃഭാഷയിലോ സംസാരിക്കാമെന്നും മോദി പരിഹസിച്ചു. കഴിഞ്ഞ ഏപ്രില്‍ 17 ന് പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഉന്നയിച്ച വിമര്‍ശത്തിന് മറുപടി നല്‍കിക്കൊണ്ടായിരുന്നു മോദിയുടെ വെല്ലുവിളി.