കുടുംബശ്രീ യോഗത്തിന്‍റെ ഇടയില്‍ ഭര്‍ത്താവ് ഭാര്യയെ തീ കൊളുത്തി കൊന്നു

തൃശ്ശൂര്‍ വെള്ളിക്കുളങ്ങരയിലാണ് സംഭവം. കുടുംബശ്രീ യോഗത്തിന്‍റെ ഇടയില്‍ നാട്ടുകാര് നോക്കി നില്‍ക്കെയാണ് ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നത്. മോനടി സ്വദേശിയായ ജിതുവിനെയാണ് ഭര്‍ത്താവ് വിരാജ് കൊലപ്പെടുത്തിയത്. രണ്ടു ദിവസം മുന്‍പാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു. കഴിഞ്ഞ കുറെ നാളായി അകന്ന് കഴിയുകയായിരുന്നു ജിതുവും ഭര്‍ത്താവ് വിരാജും. വിവാഹ മോചനക്കേസും നിലവിലുണ്ട്. കുടുംബശ്രീയില്‍ നിന്ന് 25000 രൂപ വായ്പ എടുത്തതു സംബന്ധിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ജിതുവിനെ വിരാജ് വിളിച്ചു വരുത്തിയത്.

കുടുംബശ്രീ യോഗത്തില്‍ വെച്ചാണ് അക്രമ സംഭവം നടക്കുന്നത്. കുടുംബശ്രീ യോഗം കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ ജിതുവിന് നേരെ പൊടുന്നനെ പോട്രോളൊഴിഴിച്ച് വിരാജ് തീകൊളുത്തുകയായിരുന്നു. പഞ്ചായത്തംഗം അടക്കം നോക്കി നില്‍ക്കെയാണ് ആക്രമണം ഉണ്ടായത്. തീ കൊളുത്തുന്നത് കണ്ട് ഭയന്ന് പിന്‍മാറുകയായിരുന്നു ആളുകള്‍. വിരാജ് ഉടന്‍ തന്നെ ഓടി രക്ഷപ്പെട്ടു. പോലീസിന് ഇതുവരെയും ആളെ പിടികൂടാനായിട്ടില്ല. അതേസമയം അക്രമം നടക്കുമ്പോള്‍ തീ അണക്കാനോ പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോ ആരും ശ്രമിച്ചില്ല എന്നും . പോലീസില്‍ പോലും വിവരം ഉടന്‍ അറിയിച്ചില്ലെന്നും ആരോപണം ഉണ്ട്.