ആധാര്‍ കാര്‍ഡ് ഇല്ലെങ്കിലും സിം കാര്‍ഡ് നല്കാന്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം

ആധാറിന്റെ പേരില്‍ ഒരാള്‍ക്ക് പോലും സിം കാര്‍ഡ് നിഷേധിക്കരുതെന്നും സര്‍ക്കാര്‍ അംഗീകരിച്ച എല്ലാ തിരിച്ചറിയല്‍ രേഖകളും സിം കാര്‍ഡിനായി സ്വീകരിക്കണമെന്നും മൊബൈല്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം. ആധാര്‍ ഇല്ലാത്ത ആളുകള്‍ക്ക് ഡീലര്‍മാര്‍ സിം കാര്‍ഡ് നിഷേധിക്കുന്നുവെന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ടെലികോം സെക്രട്ടറിയുടെ നിര്‍ദേശം. കോടതിയുടെ അന്തിമ വിധിവരുന്നത് വരെ സിം കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതിയും നിലപാടെടുത്തിരുന്നു.

മറ്റ് തിരിച്ചറിയല്‍ രേഖകളായ ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, വോട്ടേഴ്‌സ് ഐഡി തുടങ്ങിയ തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തിലും സിം കാര്‍ഡ് അനുവദിക്കണമെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ അറിയിച്ചു. ആധാര്‍ ഇല്ലാതെ സിം കാര്‍ഡ് നല്‍കില്ലെന്ന ഡീലര്‍മാരുടെ തീരുമാനം സാധാരണക്കാരെ മാത്രമല്ല, രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികളെയും വിദേശികളെയും ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഈ വിഷയം ഗൗരവമായാണ് കാണുന്നതെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു.