ഇങ്ങനെ പോയാല്‍ കോടതികള്‍ വിധി പറയുന്നത് നിര്‍ത്തേണ്ടിവരുമെന്ന് സുപ്രീംകോടതി

കോടതി ഉത്തരവിനെത്തുടര്‍ന്ന് ഹിമാചൽ പ്രദേശിൽ അനധികൃത കെട്ടിടം പൊളിച്ചു നീക്കാന്‍ എത്തിയ ഉദ്യോഗസ്ഥ കൊല്ലപ്പെട്ട സംഭവത്തിലാണ് കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്. നിങ്ങള്‍ ഇങ്ങനെ കൊല്ലുകയാണെങ്കിൽ വിധി പ്രസ്താവിക്കുന്നത് നിര്‍ത്തേണ്ടി വരുമെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ഹിമാചൽ പ്രദേശിലെ കസൗലിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് അനധികൃത കയ്യേറ്റം പൊളിച്ചു നീക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ സംഭവസ്ഥലത്തെത്തിയപ്പോഴാണ് അവര്‍ക്ക് നേരെ കെട്ടിട ഉടമ വെടിയുതിര്‍ക്കുന്നത്. അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ ശൈല്‍ ബാലയാണ് നാരായണി ഗസ്റ്റ് ഹൗസ് ഉടമ വിജയ് താക്കൂറിന്റെ വെടിയേറ്റ് മരിക്കുന്നത്. മൂന്ന് ബുള്ളറ്റുകളാണ് ബാലയുടെ ദേഹത്ത് നിന്ന് കണ്ടെത്തിയത്.

താക്കൂറിനെ ഇതുവരെയും പിടികൂടാനായിട്ടില്ല. ഇത് വളരെ ഗൗരവമായെടുക്കേണ്ട കാര്യമാണ്. കോടതി ഉത്തരവിനോടുള്ള ധിക്കാരമാണ് ഈ നാണം കെട്ട പ്രവൃത്തി’, കേസില്‍ സ്വമേധയാ കേസെടുത്തു കൊണ്ട് ചൊവ്വാഴ്ച്ച കോടതി പറഞ്ഞു. കസൗലിയിലെ അനധികൃത കെട്ടിടം പൊളിച്ചു മാറ്റണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. കോടതിയിലെത്തിയ വിഷയത്തില്‍ ഹരിത ട്രിബ്യൂണലിന്റെ വിധി കോടതി കോടതി ശരിവെക്കുകയായിരുന്നു. മേല്‍ക്കോടതി വിധി നടപ്പാക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്ന് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് കൊന്നു കൊണ്ടാണോ നടപ്പാക്കേണ്ടതെന്നായിരുന്നു സുപ്രീം കോടതി സര്‍ക്കാരിനോട് തിരിച്ചു ചോദിച്ചത്.