കുന്നുകള്‍ ഇടിച്ചു നിരത്തി സി പി എം നേതാവ് ജയരാജന്റെ മകന്റെ റിസോര്‍ട്ട് നിര്‍മാണം
സി പി എം നേതാവും എം എല്‍ എയുമായ ഇ പി ജയരാജന്റെ മകന്റെ നേതൃത്വത്തിലുള്ള കമ്പനി കുന്നിടിച്ച് നിരത്തി റിസോര്‍ട്ട് നിര്‍മ്മിക്കുന്നു. മൊറാഴ ഉടുപ്പ് കുന്നിടിച്ചാണ് ഇ പി ജയരാജന്റെ മകന്‍ പുതുശ്ശേരി കോറോത്ത് ജയ്‌സണ്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ സ്വകാര്യ കമ്പനി റിസോര്‍ട്ട് പണിയുന്നത്. 10 ഏക്കര്‍ വിസ്തൃതിയില്‍ കുന്നിടിച്ചാണ് ആയുര്‍വേദ റിസോര്‍ട്ടും ആശുപത്രിയും പണിയുന്നത്. പ്രതിപക്ഷമില്ലാതെ സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയാണ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. ജയരാജന്റെ മകനൊപ്പം വന്‍ വ്യവസായികളും ചേര്‍ന്നാണ് റിസോര്‍ട്ട് നിര്‍മ്മിക്കുന്നത്. മൂന്നു കോടി രൂപ മുതല്‍മുടക്കില്‍ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് റിസോര്‍ട്ട് നിര്‍മാണം.
ഈ കമ്പനിയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് സി പി എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ മകന്‍ പുതുശ്ശേരി കോറോത്ത് ജയ്‌സന്റെ പങ്ക് വ്യക്തമാകുന്നത്. ജയ്‌സണും വ്യവസായിയായ കളത്തില്‍ പാറയില്‍ രമേഷ് കുമാറും ചേര്‍ന്നാണ് കമ്പനി രൂപീകരിക്കുന്നതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ജയരാജന്റെ മകന്‍ ചെയര്‍മാനും രമേഷ് കുമാര്‍ മാനേജിംഗ് ഡയറക്ടറുമാണെന്നും കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ പറയുന്നു. 1000 രൂപയുടെ 2500 ഷെയറുകള്‍ ഉള്‍പ്പെടെ 25 ലക്ഷംരൂപയുടെ ഷെയറാണ് ജയരാജന്റെ മകനുള്ളത്. കണ്ണൂരിലെ പ്രമുഖവ്യവസായി കൂടിയായ കാദിരി ഗ്രൂപ്പും കേന്ദ്രകമ്മിറ്റി അംഗത്തിന്റെ മകന്‍ പങ്കാളിയായ കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളാണ്. നിലവില്‍ വന്‍ വ്യവസായികളടക്കം ഏഴുപേരാണ് കമ്പനി ഡയറക്ടര്‍മാര്‍. വന്‍പാരിസ്ഥിതികാഘാതം ഉണ്ടാക്കുന്ന നിര്‍മാണപ്രവര്‍ത്തനത്തിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് പരാതി നല്‍കിയിട്ടുണ്ട്.