അവാര്‍ഡ് ദാന ചടങ്ങ് പോലും തങ്ങളുടെ വരുതിയിലാക്കി ബിജെപി ; ജേതാക്കള്‍ ചടങ്ങില്‍ നിന്നും ഇറങ്ങിപോയി
ദേശിയ സിനിമാ അവാര്‍ഡ് ചടങ്ങുകള്‍ പോലും തങ്ങളുടെ വരുതിയിലാക്കുവാനുള്ള ബി ജെ പി സര്‍ക്കാരിന്റെ ഗൂഡതന്ത്രം നല്‍കിയത് ആശിച്ച് അവാര്‍ഡ് വാങ്ങുവാന്‍ പോയവര്‍ക്ക് നിരാശമാത്രം. അതിനുപിന്നാലെ 65 വര്‍ഷത്തെ ദേശീയ അവാര്‍ഡ് വിതരണ ചരിത്രത്തില്‍ ഇതുവരെ കാണാത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് ദില്ലിയിലെ വിഗ്യാന്‍ ഭവനില്‍ പുരസ്‌കാര വിതരണം നടന്നത്. മുഴുവന്‍ പുരസ്‌കാരങ്ങളും രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്യുന്ന പതിവ് തെറ്റിച്ചതില്‍ പ്രതിഷേധിച്ച് മലയാളികളടക്കമുള്ള എഴുപതോളം പുരസ്‌ക്കാര ജേതാക്കളാണ് ചടങ്ങില്‍ നിന്നും ഇറങ്ങിപോയത്. ദേശീയ പുരസ്‌ക്കാര വിതരണം തുടങ്ങിയ കാലത്ത് മുതല്‍ അതത് രാഷ്ട്രപതിമാരാണ് എല്ലാ ജേതാക്കള്‍ക്കമുളള പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യുക പതിവ്. എന്നാല്‍ ഇത്തവണ ആ പതിവ് തെറ്റിച്ച് പതിനൊന്ന് പേര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മാത്രമാണ് രാഷ്ട്രപതി വിതരണം ചെയ്യുകയെന്ന് കേന്ദ്രം നിലപാടെടുത്തു. മറ്റ് ജേതാക്കള്‍ക്കുള്ള അവാര്‍ഡുകള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിതരണം ചെയ്യുമെന്നും കേന്ദ്രം തീരുമാനിച്ചു.
ഇതാണ് ചരിത്രത്തിലാദ്യമായി പുരസ്‌ക്കാര വേദി പ്രതിഷേധ വേദിയാക്കി മാറ്റിയത്. എല്ലാ പുരസ്‌ക്കാരങ്ങളും രാഷ്ട്രപതി തന്നെ വിതരണം ചെയ്യണമെന്ന ആവശ്യം പരിഗണിക്കാതെയാണ് പ്രതിഷേധിച്ചവരെ ഒഴിവാക്കി കേന്ദ്രം ചടങ്ങുമായി മുന്നോട്ട് പോയത്. മലയാളത്തില്‍ നിന്നും ദേശീയ പുരസ്‌കാരം നേടിയ ഫഹദ് ഫാസില്‍, പാര്‍വ്വതി, സജീവ് പാഴൂര്‍, അനീസ് കെ മാപ്പിള എന്നിവരടക്കമുള്ള മിക്കവാറും ജേതാക്കള്‍ ചടങ്ങില്‍ നിന്നും വിട്ട് നിന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ പാര്‍വ്വതിയും ഫഹദും അടക്കമുള്ള ജേതാക്കളെല്ലാം നേരത്തെ തന്നെ ഡല്‍ഹിയില്‍ എത്തിയിരുന്നു. അതേസമയം വിഗ്യാന്‍ ഭവനില്‍ പുരസ്‌ക്കാര വിതരണം പുരോമഗമിക്കവേ പ്രതിഷേധക്കാര്‍ വേദിക്ക് പുറത്ത് പ്രതിഷേധിക്കുകയാണ്. തങ്ങള്‍ അവാര്‍ഡ് ബഹിഷ്‌ക്കരിച്ചിട്ടില്ലെന്നും ചടങ്ങില്‍ നിന്നും ഒഴിവായതാണ് എന്നുമാണ് പാര്‍വ്വതി അടക്കമുള്ളവര്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്.
അതേസമയം മികച്ച ഗായകനുള്ള പുരസ്‌കാരം യേശുദാസും മികച്ച സംവിധായകനുള്ള പുരസ്‌കാരം ജയരാജും രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി. അതുകഴിഞ്ഞാല്‍ സിഞ്ചാറിലൂടെ മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്ത സന്ദീപ് പാമ്പള്ളി, ഭയാനകത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള അംഗീകരം നേടിയ നിഖില്‍ എസ്. പ്രവീണ്‍ എന്നിവര്‍ സ്മൃതി ഇറാനിയില്‍ നിന്നാണ് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയത്. മലയാള സിനിമയില്‍ നിന്ന് മറ്റാരും പുരസ്‌കാര ചടങ്ങില്‍ പങ്കെടുത്തില്ല. ഭരണഘടനാപരമായ പരിപാടി അല്ലാത്തതിനാല്‍ രാഷ്ട്രപതി ഏറെ നേരം പങ്കെടുക്കില്ലെന്നും ഇതും സംബന്ധിച്ച പുതുക്കിയ പ്രോട്ടോക്കോള്‍ അടുത്തിടെയാണ് പുറത്തിറക്കിയതെന്നുമാണ് സര്‍ക്കാര്‍ നിരത്തുന്ന ന്യായം. എന്നാല്‍ രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ വിതരം ചെയ്യാത്തതിലുള്ള പ്രതിഷേധമറിയിച്ച് അവാര്‍ഡ് ജേതാക്കള്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന് നല്‍കിയ കത്തില്‍ യേശുദാസും ജയരാജും ഒപ്പിട്ടിരുന്നു. ഇരുവരും ഏറെ വൈകിയാണ് ഒപ്പിടാന്‍ തയ്യാറായത് തന്നെ. യേശുദാസ് ഒപ്പിട്ടാല്‍ താനും ഇടാം എന്നതായിരുന്നു ജയരാജിന്റെ നിലപാട്. ഇതിന് ശേഷമാണ് ഇരുവരും പ്രതിഷേധക്കാര്‍ക്കൊപ്പം നില്‍ക്കാതെ ചടങ്ങില്‍ പങ്കെടുത്തത്.