ലീഗയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയത് ; പ്രതികളുടെ അറസ്റ്റ് ഉടന്‍
കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ലാത്വിയന്‍ സ്വദേശിനി ലിഗയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന് പോലീസിന്റെ കണ്ടെത്തല്‍. കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ചെയ്ത പ്രതികളായ ഉമേഷിന്റെയും ഉദയന്റെയും അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും. മാര്‍ച്ച് പതിന്നാലിനാണ് പോത്തന്‍കോട് ധര്‍മ ആയുര്‍വേദ റിസോട്ടില്‍നിന്ന് ലിഗയെ കാണാതായത്. ഇതേദിവസം തന്നെ കോവളത്തെ ഗ്രോവ് ബീച്ചില്‍ ലിഗ എത്തി. ഓട്ടോറിക്ഷയിലാണ് ലിഗ ഇവിടെ വരെയെത്തിയത്. തുടര്‍ന്ന് പനത്തുറയിലെ ക്ഷേത്രപരിസരത്തേക്ക് പോവുകയും ചെയ്തു. ഇവിടെവച്ചാണ് ഉമേഷും ഉദയനും ലിഗയെ കാണുന്നത്. തുടര്‍ന്ന് കാഴ്ചകള്‍ കാണിച്ചു തരാമെന്നും കഞ്ചാവു നല്‍കാമെന്നും പറഞ്ഞ് ലിഗയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഫൈബര്‍ ബോട്ടിലാണ് ലിഗയെ വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിലെത്തിച്ചത്. തുടര്‍ന്ന് ഇവര്‍ ലഹരി ഉപയോഗിക്കുകയും ചെയ്തു. വൈകുന്നേരം അഞ്ചരയ്ക്കു ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ലിഗയ്ക്ക് ലഹരി നല്‍കി പീഡിപ്പിക്കുകയായിരുന്നെന്ന് പ്രതികള്‍ സമ്മതിച്ചു. ആദ്യം ലഹരി നല്‍കി പീഡിപ്പിച്ചു. എന്നാല്‍ രണ്ടാമത് ലൈംഗിക ബന്ധത്തിന് മുതിര്‍ന്നപ്പോള്‍ ലിഗ എതിര്‍ത്തു. ഇതെ തുടര്‍ന്ന് നടന്ന മല്‍പ്പിടിത്തത്തിനിടെയായിരുന്നു കൊലപാതകം നടന്നത്. ബോട്ടിങ്ങിനെന്ന് പറഞ്ഞാണ് ലിഗയെ കണ്ടല്‍ക്കാട്ടിലേക്ക് കൊണ്ടുപോയതെന്ന് ഉദയന്‍ പോലീസിനോട് പറഞ്ഞു. ലിഗ രണ്ട് ദിവസം വാഴമുട്ടത്തെ പൊന്തക്കാട്ടില്‍ ഉണ്ടായിരുന്നെന്ന് ഉമേഷും പോലീസിനോട് വ്യക്തമാക്കി. ആദ്യം ഇരുവരും കുറ്റം സമ്മതിക്കാന്‍ വിസമ്മതിച്ചു. എന്നാല്‍ പിടിച്ച് നില്‍ക്കാന്‍ ആവാതെ ഉദയന്‍ നടത്തിയ നിര്‍ണായക വെളിപ്പെടുത്തലാണ് കേസിന് വഴിത്തിരിവായത്. കേസിലെ പ്രധാനപ്രതി ഉമേഷാണെന്ന് പോലീസ് വ്യക്തമാക്കി. ഉമേഷ് മറ്റ് സ്ത്രീകളേയും കുട്ടികളേയും മുന്‍പ് പീഡിപ്പിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്ത് കുറ്റം ചുമത്താനാണ് പോലീസ് നീക്കം. അതേസമയം ശാരീകമായി ബന്ധപ്പെട്ടതോ ബലാത്സംഗം ചെയ്‌തെന്ന് തെളിയിക്കുന്നതോ ആയ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടില്ല. ലിഗയുടെ മൃതശരീരത്തില്‍നിന്ന് കണ്ടെത്തിയ ജാക്കറ്റ് ഉദയന്റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കണ്ടല്‍ക്കാട്ടില്‍നിന്നു കണ്ടെത്തിയ മുടിയിഴകള്‍ പ്രതികളുടേതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.