ദേശിയ അവാര്‍ഡ് വേദിയില്‍ പക്ഷപാതം ; ഫഹദും പാര്‍വ്വതിയും പുരസ്ക്കാരം ഏറ്റുവാങ്ങില്ല

വിവാദത്തിലായി അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങുകള്‍. അവാര്‍ഡ് ലഭിച്ച 11 പേര്‍ക്കൊഴികെ രാഷ്ട്രപതി നേരിട്ടു പുരസ്‌കാരം നല്‍കില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കാനാണ് മറ്റു ജേതാക്കളുടെ തീരുമാനം. രാഷ്ട്രപതി തന്നില്ല എങ്കില്‍ അവാര്‍ഡ് വാങ്ങില്ല എന്നാണു മലയാളി താരങ്ങളായ ഫഹദും പാര്‍വ്വതിയും അറിയിച്ചത്. വിനോദ് ഖന്നയ്ക്ക് മരണാനന്തര ബഹുമതിയായി ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം, മികച്ച നടി ശ്രീദേവിക്കുള്ള മരണാനന്തര പുരസ്‌കാരം, മികച്ച നടന്‍ റിദ്ദി സെന്‍, മികച്ച ഗായകന്‍ യേശുദാസ്, മികച്ച സംവിധായകന്‍ ജയരാജ്, മികച്ച സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാന്‍ തുടങ്ങി 11 പുരസ്‌കാരങ്ങളാണ് രാഷ്ട്രപതി വിതരണം ചെയ്യുന്നത്. ബാക്കി ഉള്ളവ മന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍.

വ്യാഴാഴ്ച വൈകീട്ട് 5.30-നാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ് പുരസ്‌കാരം നല്‍കുമെന്നാണ് അറിയിപ്പുകളിലും ക്ഷണപത്രങ്ങളിലുമുള്ളത്. ജേതാക്കള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം അയച്ച ക്ഷണക്കത്തുകളിലും രാഷ്ട്രപതി സമ്മാനം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുവരെയുള്ള പതിവും അതാണ്. എന്നാല്‍, ബുധനാഴ്ച വിജ്ഞാന്‍ ഭവനില്‍ നടന്ന പുരസ്‌കാരച്ചടങ്ങിന്റെ റിഹേഴ്‌സലിനിടയിലാണ് ഈ തീരുമാനം മാറ്റിയതായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അവാര്‍ഡ് ജേതാക്കളെ അറിയിച്ചത്. 11 പുരസ്‌കാരങ്ങള്‍ മാത്രം രാഷ്ട്രപതി നല്‍കുകയും ബാക്കി മന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റുള്ളവര്‍ക്കൊപ്പം രാഷ്ട്രപതി ഗ്രൂപ്പ് ഫോട്ടോ എടുക്കുമെന്നും അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായി പുരസ്‌കാരം വിതരണം ചെയ്യുമെന്ന് ചൂണ്ടിക്കാണിച്ചുള്ള അച്ചടിച്ച നടപടിക്രമങ്ങളും റിഹേഴ്‌സലില്‍ നല്‍കി.

എന്നാല്‍, തീരുമാനത്തെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉടന്‍ ചോദ്യംചെയ്തു. കേരളത്തില്‍നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധമുയര്‍ത്തിയത്. തങ്ങളെ അറിയിച്ചത് രാഷ്ട്രപതി പുരസ്‌കാരം നല്‍കുമെന്നാണെന്നും തീരുമാനം മാറ്റിയതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മന്ത്രി ഇറാനിയെ വിവരമറിയിച്ചു. ഉടന്‍ തന്നെ മന്ത്രി വിജ്ഞാന്‍ഭവനിലെ റിഹേഴ്‌സല്‍ വേദിയിലെത്തി. മന്ത്രിയോടും ചലച്ചിത്രപ്രവര്‍ത്തകര്‍ പ്രതിഷേധമറിയിച്ചു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വ്യാഴാഴ്ചത്തെ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് അവര്‍ മുന്നറിയിപ്പുനല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അനുരഞ്ജന ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ല. തുടര്‍ന്നാണ് ബഹിഷ്‌കരണവുമായി മുന്നോട്ട് പോകാന്‍ ജേതാക്കള്‍ തീരുമാനിച്ചത്. രാഷ്ട്രപതി നേരിട്ട് അവാര്‍ഡ് നല്‍കുമെന്ന് അറിയിച്ചവരിലുള്ള യേശുദാസും ജയരാജും പ്രതിഷേധം രേഖപ്പെടുത്തി ഒപ്പുവെച്ചിട്ടുണ്ട്.