ലിഗയുടെ കൊലപാതകം ; പ്രതികള്‍ അറസ്റ്റില്‍
കോവളം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ വിദേശവനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.പുരുഷ ലൈംഗിക തൊഴിലാളി വാഴമുട്ടം പാച്ചല്ലൂര്‍ പനത്തറ സ്വദേശി ബി. ഉമേഷ്, സുഹൃത്ത് ഉദയകുമാര്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. വിദേശവനിതയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ലിഗ കൊല്ലപ്പെട്ടതു കാണാതായ അതേദിവസം തന്നെയെന്നു വ്യക്തമായതായി റിപ്പോര്‍ട്ടുകള്‍. ലിഗയെ കാണാതായതു മാര്‍ച്ച് 14നാണ്. അന്നുതന്നെ ലിഗ കൊല്ലപ്പെട്ടിരുന്നതായാണു പൊലീസിന്റെ കണ്ടെത്തല്‍.
മാര്‍ച്ച് പതിന്നാലിനാണ് പോത്തന്‍കോട് ധര്‍മ ആയുര്‍വേദ റിസോട്ടില്‍നിന്ന് ലിഗയെ കാണാതായത്. ഇതേദിവസം തന്നെ കോവളത്തെ ഗ്രോവ് ബീച്ചില്‍ ലിഗ എത്തി. ഓട്ടോറിക്ഷയിലാണ് ലിഗ ഇവിടെ വരെയെത്തിയത്. തുടര്‍ന്ന് പനത്തുറയിലെ ക്ഷേത്രപരിസരത്തേക്ക് പോവുകയും ചെയ്തു. ഇവിടെവച്ചാണ് ഉമേഷും ഉദയനും വിദേശവനിതയെ കാണുന്നത്. തുടര്‍ന്ന് കാഴ്ചകള്‍ കാണിച്ചു തരാമെന്നും കഞ്ചാവു നല്‍കാമെന്നും പറഞ്ഞ് ഇവരെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഫൈബര്‍ ബോട്ടിലാണ് ഇവരെ വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിലെത്തിച്ചത്. തുടര്‍ന്ന് ഇവര്‍ ലഹരി ഉപയോഗിക്കുകയും ചെയ്തു. വൈകുന്നേരം അഞ്ചരയ്ക്കു ശേഷമാണ് കൊലപാതകം നടന്നത്. ലിഗ പീഡനത്തിന് ഇരയായതായി സ്ഥിരീകരിക്കുന്ന രാസപരിശോധനാഫലവും പുറത്തുവന്നു. മുടിയിഴകളും വിരലടയാളവും പ്രതികളുടേതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ടിങ് നടത്താനെന്ന പേരിലാണു ലിഗയെ ഇവിടേക്കെത്തിച്ചതെന്നു കസ്റ്റഡിയിലുള്ള പ്രതികളിലൊരാള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചിരുന്നു.