ഫോട്ടോ എടുത്ത ആരാധകന്‍റെ ഫോണ്‍ പിടിച്ചു വാങ്ങി ചിത്രം ഡിലീറ്റ് ചെയ്തു യേശുദാസ് (വീഡിയോ)
തന്റെ സെല്‍ഫി പകര്‍ത്തിയ ആരാധകന്റെ ഫോണ്‍ പിടിച്ചു വാങ്ങി ചിത്രം ഡിലീറ്റ് ചെയ്തു ഗായകന്‍ യേശുദാസ്. ചലച്ചിത്രപുര്‌സകാര വിതരണത്തിലെ വിവേചനത്തില്‍ പ്രതിഷേധിച്ച് മലയാളി താരങ്ങളടക്കം ബഹിഷ്‌കരിച്ച പുരസ്‌കാരദാനച്ചടങ്ങില്‍ പങ്കെടുക്കാനായി ഹോട്ടലില്‍ നിന്നും പുറപ്പെടുന്നതിനിടെയായിരുന്നു സംഭവം. ‘സെല്‍ഫി ഈസ് സെല്‍ഫിഷ്’ എന്ന് പറഞ്ഞ് ഫോട്ടോ ഡിലീറ്റ് ചെയ്ത് ഗാനഗന്ധര്‍വന്‍ ശേഷം ചടങ്ങില്‍ പങ്കെടുക്കാനായി പോയി. മുഴുവന്‍ പുരസ്‌കാരങ്ങളും രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്യുന്ന പതിവ് തെറ്റിച്ചതില്‍ പ്രതിഷേധിച്ച് മലയാളികളടക്കമുള്ള എഴുപതോളം പുരസ്‌ക്കാര ജേതാക്കളാണ് ചടങ്ങില്‍ നിന്നും ഇറങ്ങിപോയത്. ദേശീയ പുരസ്‌ക്കാര വിതരണം തുടങ്ങിയ കാലത്ത് മുതല്‍ അതത് രാഷ്ട്രപതിമാരാണ് എല്ലാ ജേതാക്കള്‍ക്കമുളള പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യുക പതിവ്. എന്നാല്‍ ഇത്തവണ ആ പതിവ് തെറ്റിച്ച് പതിനൊന്ന് പേര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മാത്രമാണ് രാഷ്ട്രപതി വിതരണം ചെയ്യുകയെന്ന് കേന്ദ്രം നിലപാടെടുത്തു.
മറ്റ് ജേതാക്കള്‍ക്കുള്ള അവാര്‍ഡുകള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് വിതരണം ചെയ്തത്. മലയാളത്തില്‍ നിന്നും ദേശീയ പുരസ്‌കാരം നേടിയ ഫഹദ് ഫാസില്‍, പാര്‍വ്വതി, സജീവ് പാഴൂര്‍, അനീസ് കെ മാപ്പിള എന്നിവരടക്കമുള്ള മിക്കവാറും ജേതാക്കള്‍ ചടങ്ങില്‍ നിന്നും വിട്ട് നിന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ പാര്‍വ്വതിയും ഫഹദും അടക്കമുള്ള ജേതാക്കളെല്ലാം നേരത്തെ തന്നെ ഡല്‍ഹിയില്‍ എത്തിയിരുന്നു. അതേസമയം വിഗ്യാന്‍ ഭവനില്‍ പുരസ്‌ക്കാര വിതരണം പുരോമഗമിക്കവേ പ്രതിഷേധക്കാര്‍ വേദിക്ക് പുറത്ത് പ്രതിഷേധിക്കുകയാണ്. തങ്ങള്‍ അവാര്‍ഡ് ബഹിഷ്‌ക്കരിച്ചിട്ടില്ലെന്നും ചടങ്ങില്‍ നിന്നും ഒഴിവായതാണ് എന്നുമാണ് പാര്‍വ്വതി അടക്കമുള്ളവര്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്. അതേസമയം മികച്ച ഗായകനുള്ള പുരസ്‌കാരം യേശുദാസും മികച്ച സംവിധായകനുള്ള പുരസ്‌കാരം ജയരാജും രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങിയിരുന്നു.