ബംഗളൂര് കുറ്റകൃത്യങ്ങളുടെ നാട് : നരേന്ദ്രമോദി

ബെംഗളൂരു കുറ്റകൃത്യങ്ങളുടെ നഗരമായി മാറികൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബെംഗളൂരു മനോഹാരിതയുടേയും, കുലീന സ്വഭാവമുള്ളവരുടേയും ഉന്നത വിദ്യാഭ്യാസമുള്ളവരുടേയും നഗരമാണ്. എന്നാല്‍ കോണ്‍ഗ്രസ് നഗരസ്വഭാവത്തെ നശിപ്പിച്ചു. അത് കുറ്റകൃത്യങ്ങളുടേതാക്കിമാറ്റി. ഇതാണ് സിദ്ദരാമയ്യയുടെ അഞ്ച് വര്‍ഷത്തെ ഭരണം കൊണ്ടുള്ള ബെംഗളൂരു നിവാസികള്‍ക്കുള്ള സമ്മാനങ്ങളിലൊന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. കെങ്കേരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കോണ്‍ഗ്രസിനേയും സിദ്ധരാമയ്യ സര്‍ക്കാരിനേയും അതി രൂക്ഷമായി നരേന്ദ്രമോദി വിമര്‍ശിച്ചത്. കര്‍ണാടകയില്‍ വനിതകളുടെ സുരക്ഷ ആശങ്കയിലാണ്.

പുഷ്പങ്ങളുടെ നഗരമായ ബെംഗളൂരുവിനെ കോണ്‍ഗ്രസ് മാലിന്യനഗരമാക്കി. ഇവിടെയുള്ള യുവജനങ്ങള്‍ ബെംഗളൂരുവിനെ കമ്പ്യൂട്ടര്‍ തലസ്ഥാനമാക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. അതേസമയം പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ ബെംഗളൂരുവിലെ ജനങ്ങളെ അധിക്ഷേപിക്കുന്നതാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ജെ.എല്‍.എല്‍ സിറ്റി മൊമെന്റത്തിന്റെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും പെട്ടെന്ന് മാറികൊണ്ടിരിക്കുന്ന നഗരങ്ങളില്‍ ഒന്നാണ് ബെംഗളൂരു. ലോകത്തെ 25 ഹൈടെക് സിറ്റികളില്‍ ഒന്നാണ് ബെംഗളൂരു. ജോലിയെടുക്കുന്ന വനിതകളുടെ കാര്യത്തിലും ബെംഗളൂരുവാണ് മുന്നില്‍ എന്നും അദ്ദേഹം പറയുന്നു.