വൈറസ് ഭീഷണി ; ഉപയോക്താക്കളെല്ലാം പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് ട്വിറ്റര്‍

ഉപയോക്താക്കളെല്ലാം പാസ്വേര്‍ഡുകള്‍ മാറ്റണമെന്ന മുന്നറിയിപ്പുമായി ട്വിറ്റര്‍. പാസ്വേര്‍ഡുകള്‍ സൂക്ഷിച്ചിട്ടുള്ള ട്വിറ്ററിന്റെ ഇന്റേണല്‍ ലോഗില്‍ വൈറസ് ബാധയുണ്ടായതായും ഉപയോക്താക്കളെല്ലാം പാസ്വേര്‍ഡുകള്‍ മാറ്റണമെന്നുമാണ് ട്വിറ്ററിന്റെ അറിയിപ്പ് വന്നിരിക്കുന്നത്. പാസ് വേര്‍ഡുകള്‍ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച ട്വിറ്റര്‍ പ്രശ്‌നം പരിഹരിച്ചതായും ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. ട്വിറ്ററിന്റെ 300 മില്യണ്‍ ഉപയോക്താക്കളെയും ഭീതിയിലാഴ്ത്തുന്നതാണ് ഈ നിര്‍ദേശം. സുരക്ഷാ വീഴ്ച സംഭവിച്ചതോടെ ട്വിറ്റര്‍ ഉപയോക്താക്കളോട് മാപ്പപേക്ഷയും നടത്തിയിട്ടുണ്ട്. പാസ് വേര്‍ഡ് സെറ്റിംഗ് പേജില്‍ പോയി നിലവിലെ പാസ് വേര്‍ഡ് മാറ്റാനും ട്വിറ്റര്‍ ട്വീറ്റില്‍ കുറിച്ചു.

വൈറസ് ബാധിച്ചവരുടെ പാസ് വേര്‍ഡുകള്‍ ട്വിറ്ററിലുള്ള എല്ലാവര്‍ക്കും കാണാന്‍ കഴിയുമെന്നാണ് ഇതിന്റെ പ്രത്യേകത. പാസ് വേര്‍ഡുകള്‍ മറച്ചുവെച്ച് സൂക്ഷിക്കുന്ന രീതിയാണ് ഹാഷിംഗ്. ഈ ഹാഷിംഗിലാണ് ഇപ്പോള്‍ വൈറസ് ബാധയുണ്ടായത്. ഇതോടെ ഇന്റേണല്‍ ലോഗില്‍ പാസ് വേര്‍ഡുകള്‍ ദൃശ്യമാവുകയായിരുന്നു. ട്വിറ്ററില്‍ ഒരു ഉപയോക്താവ് ടൈപ്പ് ചെയ്ത് നല്‍കുന്ന പാസ് വേര്‍ഡ് മറച്ചുവെക്കുന്ന രീതിയാണ് ട്വിറ്ററില്‍ ഹാഷിംഗ് എന്ന പേരില്‍ അറിയപ്പെടുന്നത്. വൈറസ് കണ്ടെത്തിയ പാസ് വേര്‍ഡുകള്‍ നീക്കം ചെയ്തതായും ട്വിറ്റര്‍ വ്യക്തമാക്കി. ട്വിറ്റര്‍ സ്വാഭാവികമായി പ്രവര്‍ത്തിക്കുന്നതായും ഇത്തരം പ്രശ്‌നം ഇനി പ്രത്യക്ഷപ്പെടില്ലെന്നും ട്വിറ്റര്‍ വ്യക്തമാക്കി.