ദേശിയ അവാര്‍ഡ് ; വാങ്ങാത്തവര്‍ക്ക് തപാല്‍ വഴി പുരസ്ക്കാരങ്ങള്‍ അയച്ചുകൊടുക്കും

ന്യൂഡല്‍ഹി : പ്രതിഷേധത്തെ തുടര്‍ന്ന് അവാര്‍ഡ് വാങ്ങാതെ പോയവര്‍ക്ക് തപാല്‍ വഴി അവാര്‍ഡ് അയച്ചു കൊടുക്കുവാന്‍ തീരുമാനം. മെഡലുകളും ഫലകങ്ങളും തപാല്‍ വഴി അംഗീകാരം ലഭിച്ചവരുടെ മേല്‍വിലാസത്തില്‍ വിതരണം ചെയ്യുമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപ മന്ത്രാലത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാഷ്ട്രപതി നേരിട്ട് അവാര്‍ഡ് നല്‍കാത്തതിനെ തുടര്‍ന്ന് മലയാളികള്‍ അടക്കമുള്ള ജേതാക്കള്‍ ചടങ്ങില്‍ നിന്നും വിട്ടു നിന്നിരുന്നു. 11 പേര്‍ക്കൊഴികെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേരിട്ടു പുരസ്‌കാരം നല്‍കില്ലെന്ന തീരുമാനമാണ് ഇത്തവണത്തെ ദേശീയ പുരസ്‌കാര വിതരണം വിവാദമാക്കിയത്.

രാഷ്ട്രപതി നേരിട്ട് നല്‍കിയില്ലെങ്കില്‍ വിട്ടുനില്‍ക്കുമെന്ന് കാട്ടി അവാര്‍ഡ് ജേതാക്കള്‍ രാഷ്ട്രപതിയുടെ ഓഫീസിനും സര്‍ക്കാരിനും കത്ത് നല്‍കി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരം നല്‍കുമെന്നാണ് അറിയിപ്പുകളിലും ക്ഷണപത്രങ്ങളിലുമുള്ളത്. ജേതാക്കള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം അയച്ച ക്ഷണക്കത്തുകളിലും രാഷ്ട്രപതി സമ്മാനം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുവരെയുള്ള പതിവും അതാണ്. എന്നാല്‍ ഭരണഘടനാപരമായ പരിപാടി അല്ലാത്തതിനാല്‍ രാഷ്ട്രപതി ഏറെ നേരം പങ്കെടുക്കില്ലെന്നും ഇതു സംബന്ധിച്ച പുതുക്കിയ പ്രോട്ടോക്കോള്‍ അടുത്തിടെയാണ് പുറത്തിറക്കിയതെന്നുമാണ് സര്‍ക്കാര്‍ ജേതാക്കളെ അറിയിച്ചത്.