നൂറു രൂപാ നോട്ടുകളും ഓര്‍മ്മയാകും ; എ ടി എമ്മുകളില്‍ നിന്നും ഇനി നൂറിന്റെ നോട്ട് കിട്ടില്ല
രാജ്യത്ത് നിലവിലുള്ള നൂറു രൂപാ നോട്ടുകളും ഓര്‍മ്മയാകും എന്ന് റിപ്പോര്‍ട്ടുകള്‍. 100 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്ക്കുന്നത് കുറയുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. അങ്ങനെയെങ്കില്‍ 2000, 200 രൂപ നോട്ടുകള്‍ക്ക് പിന്നാലെ നുറുരൂപ നോട്ടുകളും കിട്ടാക്കനിയാകും. നിലവില്‍ വിപണിയില്‍ പ്രചാരത്തിലുള്ള 100 രുപ നോട്ടുകളില്‍ ഭൂരിഭാഗവും മുഷിഞ്ഞതും എടിഎമ്മുകളില്‍ നിറയ്ക്കാന്‍ സാധിക്കാത്ത തരത്തിലുമുള്ളതാണ്. ഇതാണ് എ ടി എമ്മുകളില്‍ നൂറിന്റെ നോട്ട് കിട്ടാതെ പോകുന്നത്. 100 രൂപ നോട്ടുകളുടെ വിതരണം കുറയുന്ന വിവരം ബാങ്കുകള്‍ ആര്‍ബിഐയെ അറിയിച്ചിട്ടുണ്ട്. പുതിയ 100 രൂപ നോട്ടുകള്‍ കൂടുതലായി അച്ചടിച്ച് വിതരണത്തിനെത്തിക്കണമെന്നാണ് ബാങ്കുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അല്ലെങ്കില്‍ 500 രൂപയുടെ നോട്ടുമാറാന്‍ സാധിക്കാത്ത സ്ഥിതിയുണ്ടാകുമെന്നും ബാങ്കുകള്‍ പറയുന്നു. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ക്ഷാമം ഒഴിവാക്കാന്‍ മുഴിഞ്ഞ 100 രൂപ നോട്ടുകള്‍ വിനിമയം ചെയ്യാന്‍ ബാങ്കുകളെ അനുവദിച്ചിരുന്നു. ഇവ ഇപ്പോഴും പ്രചാരത്തിലുണ്ട്. എന്നാല്‍ ഇവ കൈകാര്യം ചെയ്യാന്‍ പ്രയാസമാണെന്നും എടിഎമ്മുകളില്‍ നിറയ്ക്കാന്‍ സാധിക്കില്ലെന്നും ബാങ്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. നോട്ട് അസാധുവാക്കലിന് പിന്നാലെ 550 കോടി 100 രൂപ നോട്ടുകള്‍ ആര്‍ബിഐ അച്ചടിച്ച് വിതരണത്തിനെത്തിച്ചിരുന്നു. ഇവയുള്‍പ്പെടെ 573.8 കോടിയോളം 100 രൂപ നോട്ടുകള്‍ വിതരണം ചെയ്തു. എന്നാല്‍ ഇത് മതിയാകില്ലെന്നാണ് ബാങ്കുകള്‍ പറയുന്നത്. 500 രൂപ നോട്ടുകള്‍ അധികം ലഭ്യമല്ലെന്നിരിക്കെ 2000 രൂപയുടെ നോട്ടുകള്‍ മാറിയെടുക്കുന്നതില്‍ 100 രൂപ നോട്ട് അധികമായി ആവശ്യമുണ്ടാകുമെന്ന് ബാങ്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.