വി എം സുധീരന്റെ വീട്ടില്‍ കൂടോത്രം ; കുപ്പിയിലാക്കി കുഴിച്ചിട്ടു
കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്റെ വീട്ടുവളപ്പില്‍ കുപ്പിയില്‍ അടക്കം ചെയ്ത നിലയില്‍ കൂടോത്രം ലഭിച്ചു. ആള്‍രൂപങ്ങള്‍, ചെമ്പുതകിട്, വെള്ളക്കല്ലുകള്‍. കണ്ണ്, കൈകള്‍, കാലുകള്‍ എന്നിവയുടെ രൂപങ്ങള്‍ ഇവയാണ് കുപ്പിയില്‍ അടച്ച നിലയില്‍ വീട്ടുവളപ്പില്‍ നിന്നും ലഭിച്ചത്. വീട്ടുവളപ്പില്‍ നിന്നും ഇത്തരം വസ്തുക്കള്‍ കണ്ടെത്തിയ കാര്യം വിഎം സുധീരന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഒമ്പതാം തവണയാണ് ഇത്തരത്തില്‍ കൂടോത്ര വസ്തുക്കള്‍ കണ്ടെത്തുന്നതെന്നും വിഎം സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
മുന്‍പ് മറ്റു പല രൂപങ്ങളായിരുന്നു ലഭിച്ചിരുന്നത്. തുടര്‍ച്ചയായി ഇങ്ങനെയുള്ള വസ്തുക്കള്‍ കണ്ടെത്തുന്നതിനാലാണ് ഇത്തവണ എല്ലാവരെയും അറിയിക്കണമെന്ന് തോന്നിയത്. ഇതെല്ലാം ഒരു പാഴ് വേലയാണ് എന്നും , വസ്തുക്കള്‍ മെഡിക്കല്‍ കോളേജ് പോലീസിനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കുപ്പിയില്‍നിന്ന് കണ്ടെത്തിയ വസ്തുക്കളുടെ ചിത്രവും കുറിപ്പിന് ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പരിഷ്‌കൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ കുറിച്ച് നമുക്ക് സഹതപിക്കാം.- എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
ഇന്നു രാവിലെ വീടിനോട് ചേര്‍ന്നുള്ള ഗാര്‍ഡനിലെ ഒരു വാഴച്ചുവട്ടില്‍ നിന്നും ലഭിച്ച കുപ്പിയില്‍ അടക്കംചെയ്ത വസ്തുക്കളാണ് ഇതെല്ലാം.-കണ്ണ്, കൈകള്‍, കാലുകള്‍, ആള്‍രൂപം, ശൂലങ്ങള്‍, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകള്‍, വെള്ളക്കല്ലുകള്‍.
ഒമ്പതാം തവണയാണ് ഇതുപോലെയുള്ളത് കണ്ടെത്തുന്നത്. മുമ്പൊക്കെ മറ്റ് പല രൂപങ്ങളിലായിരുന്നു.
നേരത്തെയുള്ളതുപോലെതന്നെ ഇതെല്ലാം ഒരു പാഴ്വേലയായിട്ടാണ് ഇപ്പോഴും കാണുന്നത്. തുടര്‍ച്ചയായി വന്നതുകൊണ്ടാണ് ഇത്തവണ ഇത് എല്ലാവരെയും അറിയിക്കണമെന്ന് തോന്നിയത്. ഈ വസ്തുക്കളെല്ലാം മെഡിക്കല്‍ കോളേജ് പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു.
ഈ പരിഷ്‌കൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ കുറിച്ച് നമുക്ക് സഹതപിക്കാം.