രാജ്യത്ത് പൂട്ടിയത് 2500 എ ടി എമ്മുകള്‍

രാജ്യത്ത് കഴിഞ്ഞ പത്തുമാസത്തിനിടെ ബാങ്കുകള്‍ പൂട്ടിയത് 2500ഓളം എടിഎമ്മുകള്‍. ചെലവു ചുരുക്കലിന്റെ ഭാഗമായിട്ടാണ് ഒറ്റയടിക്ക് ഇത്രയും എ ടി എമ്മുകള്‍ ബാങ്കുകള്‍ പൂട്ടിയത്. 2017 മെയിലെ കണക്കുപ്രകാരം ബാങ്കുകള്‍ക്കൊട്ടാകെ 1,10,116 എടിഎമ്മുകളാണുണ്ടായിരുന്നത്. ഫെബ്രുവരി 2018 ആയതോടെ ഇത് 1,07,630ആയി കുറഞ്ഞു. അതായത് താഴുവീണത് 2,486 എടിഎമ്മുകള്‍ക്ക്. ബാങ്കുകളോട് ചേര്‍ന്നുള്ള എടിഎമ്മുകളുടെ കണക്കാണിത്.

എന്നാല്‍ ബാങ്കിനോട് ചേര്‍ന്നല്ലാതെയുള്ള എസ്ബിഐയുടെ എടിഎമ്മുകളുടെ എണ്ണം കൂടിയിട്ടുണ്ട്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ബാങ്കുകള്‍ ശാഖകളുടെ എണ്ണവും കുറയ്ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായികൂടിയാണ് എടിഎമ്മുകള്‍ പൂട്ടിയത്. 2017 മെയ്ക്കും 2018 ഫെബ്രുവരിക്കും ഇടയിലുള്ള കണക്കാണിത്. ബാങ്ക് ഓഫ് ഇന്ത്യ ശാഖകളോടെ ചേര്‍ന്നുള്ള 108 എടിഎമ്മുകളും മറ്റിടങ്ങളിലുള്ള 100 എടിഎമ്മുകളുമാണ് പൂട്ടിയത്.