ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് എതിരെ നവനിര്‍മാണ്‍ സേന രംഗത്ത്
മഹാരാഷ്ട്ര : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതികളില്‍ ഒന്നായ മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന രംഗത്ത്. ഇവരുടെ എതിര്‍പ്പിനെ തുടര്‍ന്ന്‍ പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സര്‍വേ നടപടികള്‍ എംഎന്‍എസിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. താനെയ്ക്ക് സമീപമുള്ള ഷില്‍ ഗ്രാമത്തിലാണ് എംഎന്‍എസ് പ്രവര്‍ത്തകര്‍ സര്‍വേ നടപടികള്‍ തടഞ്ഞത്. തങ്ങള്‍ക്ക് ജോലിയാണ് വേണ്ടതെന്നും അല്ലാതെ ബുള്ളറ്റ് ട്രയിനല്ലെന്നും എംഎന്‍എസ് താനെ ജില്ലാ ചീഫ് അനിനാഷ് ജാദവ് പറയുന്നു. സമരം ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
എംഎന്‍എസ് തലവന്‍ രാജ് താക്കറെ നേരത്തെ പദ്ധതിക്കെതിരെ രംഗത്ത് വന്നിരുന്നു. 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രയിന്‍ പദ്ധതിക്ക് ഒരുലക്ഷം കോടിരൂപയിലധികം ചിലവാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ 81 ശതമാനവും ജപ്പാന്‍ വായ്പയായി നല്‍കും. 2023 ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാല്‍ ആളില്ലാ റൂട്ടിലാണ് പദ്ധതി അനുഭാവനം ചെയ്തിരിക്കുന്നത് എന്ന് നേരത്തെ ആരോപണങ്ങള്‍ വന്നിരുന്നു. നിലവില്‍ തീവണ്ടി യാത്രയിലെ റെയില്‍വേക്ക് ഏറ്റവും വരുമാനം കുറവുള്ള ഒരു റൂട്ടാണ് മുംബൈ – അഹമ്മദാബാദ് എന്നും മാധ്യമങ്ങള്‍ തെളിവ് സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.