വീണ്ടും ലോക്കപ്പ് മര്‍ദനം ; യുവാവിനെ ലോക്കപ്പില്‍ നഗ്നനാക്കി നിര്‍ത്തി മര്‍ദിച്ചു

ശ്രീജിത്തിന്റെ കസ്റ്റഡി മരണം സംബന്ധിച്ച കേസിന്റെ അന്വേഷണം നടന്നുക്കൊണ്ടിരിക്കെ വീണ്ടും ഇതാ ഒരു ലോക്കപ്പ് മര്‍ദ്ദനം കൂടി റിപ്പോര്‍ട്ട് ചെയ്യുന്നു. കോഴിക്കോട് അത്തോളിയില്‍ യുവാവിനെ ലോക്കപ്പില്‍ നഗ്‌നനാക്കി നിര്‍ത്തി മര്‍ദ്ദിച്ചുവെന്ന് പരാതി. പരുക്കേറ്റ യുവാവ് പൊലീസ് സ്റ്റേഷന് മുന്നില്‍ കുഴഞ്ഞു വീണു. ബാലുശ്ശേരി സ്വദേശി അനൂപിനാണ് മര്‍ദ്ദനമേറ്റത്. അത്തോണി സ്റ്റേഷനിലെ എഎസ്ഐ രഘുവാണ് മര്‍ദ്ദിച്ചതെന്ന് ആശുപത്രിയിലായ അനൂപ് പറയുന്നു.

വീട്ടിലെത്തി പോലീസ് കുളിമുറിയില്‍നിന്ന് തന്നെ വലിച്ചിഴച്ച് കൊണ്ടുപോകുയായിരുന്നെന്നാണ് അനൂപ് പറയുന്നത്. തടയാന്‍ ശ്രമിച്ച ഭാര്യയെയും അമ്മയെയും പോലീസ് അസഭ്യം പറഞ്ഞു. പോലീസ് ജീപ്പില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും തലമുടി പിടിച്ചു പറിക്കുകയും ചെയ്തു. ലോക്കപ്പിലെത്തിച്ച് വസ്ത്രം ഊരിക്കളഞ്ഞ് നഗ്നനാക്കി നിര്‍ത്തി. ചുമരില്‍ ചേര്‍ത്തു നിര്‍ത്തി മര്‍ദ്ദിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു. പിന്നീട് സ്റ്റേഷനില്‍നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയ അനൂപ് സ്റ്റേഷനു മുന്നില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ഒരു കല്യാണവീട്ടില്‍ മദ്യപിച്ചെത്തിയ ചില പോലീസുകാര്‍ അവിടെയുള്ളവര്‍ അസഭ്യം പറഞ്ഞതിനെ ഒരു സംഘം യുവാക്കള്‍ ചോദ്യംചെയ്തിരുന്നു. ഈ വൈരാഗ്യത്തിലാണ് അനൂപ് അടക്കമുള്ള യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം. വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത അനൂപിനെ 10 മണിക്കൂറോളം ലോക്കപ്പില്‍ സൂക്ഷിച്ചതായും ജാമ്യം നല്‍കാന്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. മര്‍ദ്ദിച്ച പോലീസുകാരനെതിരായി അത്തോളി പോലീസില്‍ പരാതി നല്‍കിയെങ്കിലും സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് അനൂപ് പറയുന്നു.