മോദിക്കും അമിത് ഷായ്ക്കും എതിരെ വക്കീല്‍ നോട്ടീസുമായി സിദ്ധരാമയ്യ

അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യെദ്യൂരപ്പയ്ക്കുമെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വക്കീല്‍ നോട്ടീസ്. അഴിമതി ആരോപണം പിന്‍വലിച്ച് മാപ്പു പറയാത്തപക്ഷം 100 കോടി ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് നോട്ടീസില്‍ പറയുന്നു. കര്‍ണാടകത്തില്‍ സിദ്ധരാമയ്യ നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ ‘സിദ്ധ റുപ്പയ’ സര്‍ക്കാര്‍ എന്നു വിശേഷിപ്പിച്ച് പ്രധാനമന്ത്രി പരിഹസിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ഇവര്‍ ആരോപണം ഉന്നയിച്ചത്. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ബന്ധങ്ങളെക്കാള്‍ വിലപ്പെട്ടത് പണമാണെന്നും പ്രധാനമന്ത്രി മോദി ആരോപണം ഉന്നയിച്ചിരുന്നു.

സമാനമായ ആരോപണമാണ് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് റാലികളില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും യെദ്യൂരപ്പയും ഉന്നയിച്ചത്. ബാങ്ക് തട്ടിപ്പ് നടത്തിയ വിജയ് മല്യയെയും നീരവ് മോദിയെയും പോലെയുള്ളവരെ രാജ്യംവിടാന്‍ അനുവദിച്ച ബി.ജെ.പി തനിക്കെതിരെ വിരല്‍ ചൂണ്ടുന്നത് എന്തിനാണെന്ന് സിദ്ധരാമയ്യ കേള്‍ക്കുന്നു. പ്രധാനമന്ത്രി ഹിന്ദിയില്‍ സംസാരിക്കുന്നത് ഇവിടെ ആര്‍ക്കും മനസിലാകില്ലെന്നാണ് അദ്ദേഹം കരുതുന്നത്. എന്നാല്‍, ജനങ്ങള്‍ക്ക് എല്ലാം വ്യക്തമായി മനസിലാകുമെന്നും അദ്ദേഹം പറയുന്നു.