സ്വിറ്റ്സര്‍ലന്‍ഡില്‍ കലാമേളയോട് അനുബന്ധിച്ച് കേളി ‘ബിരിയാണി ഫെസ്റ്റിവല്‍’ ഒരുക്കുന്നു

സൂറിച്ച്: സ്വിറ്റ്സര്‍ലണ്ടിലെ പ്രമുഖ സംഘടനയായ കേളി വര്ഷം തോറും അണിയിച്ചൊരുക്കുന്ന യുവജനോത്സവം ‘കേളി കലാമേള’ മെയ് 19, 20 തീയ്യതികളില്‍ അരങ്ങേറും. കലാമേളയുടെ സമാപനദിനമായ മെയ് 20ന് വിവിധ രുചിഭേദങ്ങളോടെ കേളി ബിരിയാണി ഫെസ്റ്റിവല്‍ ഒരുക്കുന്നതാണ്. എന്നും രുചികരമായ ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങള്‍ ഒരുക്കുന്ന കേളി ടീം ഈ വര്‍ഷം പുതുമയാര്‍ന്ന ബിരിയാണി ഉത്സവം ഒരുക്കുന്നു എന്ന പ്രത്യേകത കൂടി ഈ വര്‍ഷത്തെ അന്താരാഷ്ട്ര കലാമേളയ്ക്ക് ഉണ്ട്.

സ്വിറ്റ്സര്‍ലണ്ടിന്റെ സാമ്പത്തിക തലസ്ഥാനമായ സൂറിച്ചിലാണ് കലാമേളയ്ക്ക് വേദി ഒരുങ്ങുക. വിവിധ രാജ്യങ്ങളില്‍ നിന്നുമായി നാനൂറോളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് കണ്‍വീനര്‍ ബിന്ദു മഞ്ഞളി അറിയിച്ചു.

ഇന്ത്യന്‍ കലകള്‍ ഭാരതീയരായ കുട്ടികള്‍ക്ക് അഭ്യസിക്കുവാനും ശേഷം അവതരിപ്പിക്കുവാനും ഉള്ള വേദി ഒരുക്കുന്ന യുവജന മേള ആണ് കലാമേള.

നാനൂറോളം മത്സരാര്‍ത്ഥികള്‍, മൂന്ന് സ്റ്റേജുകള്‍, മുപ്പതോളം വിധികര്‍ത്താക്കള്‍, ഭക്ഷണത്തിന്റെ കലവറ ഒരുക്കുവാന്‍ മാത്രം അമ്പതോളം പ്രവര്‍ത്തകര്‍. രണ്ട് ദിനം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന യൂറോപ്യന്‍ യുവജനോത്സവത്തിന് പ്രത്യേകതകള്‍ ഏറെയാണ്.

നൃത്തനൃത്ത്യേതര മത്സരങ്ങള്‍ക്ക് പുറമെ ഫോട്ടോഗ്രാഫിയും, ഓപ്പണ്‍ പെയിന്റിങ്ങും, ഷോര്‍ട്ട് ഫിലിമിലും മത്സരം ഉണ്ടായിരിക്കുന്നതാണ്.

ഇന്ത്യന്‍ എംബസ്സി, സൂര്യ ഇന്ത്യ എന്നിവരുടെ പിന്തുണയോടെയും സഹകരത്തോടെയുമാണ് കേളി കലാമേള സ്വിറ്റ്സര്‍ലണ്ടിന്റെ ചത്വരത്തില്‍ അരങ്ങേറുന്നത്. സൂര്യ ഇന്ത്യ കലാതിലകം, കലാപ്രതിഭ പട്ടങ്ങള്‍ക്ക് പുറമെ ഏറ്റവും നല്ല പെര്‍ഫോമര്‍ക്ക് ഫാ. ആബേല്‍ മെമ്മോറിയല്‍ അവാര്‍ഡും നല്‍കുന്നതാണ്. ജേതാക്കള്‍ എല്ലാവര്‍ക്കും കേളി ട്രോഫിയും സെര്‍ട്ടിഫിക്കേറ്റും നല്‍കി ആദരിക്കും.

കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കലാമേളയും ഓണവും മറ്റു സാംസ്‌കാരിക പരിപാടികളും നടത്തി വരുന്ന സംഘടനയാണ് കേളി സ്വിറ്റ്സര്‍ലാന്‍ഡ്.സ്വിറ്റ്സര്‍ലന്‍ഡില്‍ മലയാളം ലൈബ്രറിയും മലയാളം സ്‌കൂളും നടത്തുന്ന കേളി രണ്ടു കോടിയിലധികം രൂപയുടെ സാമൂഹ്യ പ്രവര്‍ത്തനം കേരളത്തില്‍ ചെയ്തിട്ടുണ്ട്.