മോദിയുടെ മണ്ടന്‍ നയങ്ങള്‍ രാജ്യത്തിനെ തകര്‍ത്തു : മന്‍മോഹന്‍സിംഗ്
കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കും നേരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങളെല്ലാം വിനാശകരമായിരുന്നെന്നും തിരുത്തല്‍ നടപടികള്‍ക്കു പകരം ഗൂഢാലോചനാ സിദ്ധാന്തങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദി സര്‍ക്കാര്‍ നടപ്പാക്കിയ പല പദ്ധതികളും മണ്ടന്‍ ആശയങ്ങളായിരുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു. രാജ്യത്തിന്റെ ഓരോ മേഖലയും തകരുകയാണെന്ന് പറഞ്ഞ മന്‍മോഹന്‍ തെളിവ് സഹിതമാണ സംസാരിച്ചത്. പുതിയ ഒരു നയം പോലും കൊണ്ടുവരാന്‍ മോദി സര്‍ക്കാരിന് സാധിച്ചില്ല. ബാങ്കിങ് ഉള്‍പ്പെടെയുള്ള മേഖലകളുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും മന്‍മോഹന്‍ കുറ്റപ്പെടുത്തി. ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. അത്തരത്തിലൊരു ശക്തിയെ ഘട്ടങ്ങളായി തകര്‍ക്കുകയാണ് ചെയ്യുന്നത്. യുപിഎ സര്‍ക്കാരിന്റെ എല്ലാ നേട്ടങ്ങളും മോദി സര്‍ക്കാര്‍ വന്ന് നാല് വര്‍ഷം പിന്നിടുമ്പോഴേക്കും ഇല്ലാതാക്കി.
കര്‍ഷകര്‍ നിലനില്‍പ്പ് പ്രതിസന്ധി നേരിടുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് യാതൊരു പ്രതീക്ഷ നല്‍കാനും മോദി സര്‍ക്കാരിന് സാധിച്ചില്ലെന്ന് മന്‍മോഹന്‍ പറഞ്ഞു. കൃത്യമായ ആലോചനയില്ലാതെ നടപ്പാക്കിയ പദ്ധതികളാണ് രാജ്യത്തെ തകര്‍ത്തത്. യുക്തി ഉപയോഗിക്കാതെ മണ്ടന്‍ ആശയങ്ങള്‍ നടപ്പാക്കുകയായിരുന്നു. ലോകത്തെ മൂന്നാം സാമ്പത്തിക ശക്തിയാകാന്‍ ഇന്ത്യ ഏറെകാലം പണിയെടുത്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തകരുകയാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വളര്‍ച്ചാ നിരക്ക് 7 ശതമാനത്തിന് മുകളിലായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ അനുകൂല സാഹചര്യമുണ്ടായിട്ടും ഇപ്പോള്‍ രാജ്യം പിന്നോട്ടടിക്കുകയാണ്. രാജ്യം നേരിടുന്ന പ്രതിസന്ധികളെ ഒഴിവാക്കാമായിരുന്നുവെന്നും മന്‍മോഹന്‍ ഓര്‍മിപ്പിച്ചു. പ്രതിഷേധങ്ങളെ സര്‍ക്കാര്‍ ഇഷ്ടപ്പെടുന്നില്ല. എല്ലാ വിമത ശബ്ദങ്ങളെയും ഇല്ലാതാക്കുന്നു. പെട്രോള്‍ വില കുറഞ്ഞ വേളയിലും രാജ്യത്ത് വില കൂട്ടിയാണ് വില്‍പ്പന നടത്തിയത്. പെട്രോളിന്റെയും ഡീസലിന്റെയും വില 110 ശതമാനമാണ് വര്‍ധിപ്പിച്ചത്. നികുതികള്‍ വര്‍ധിപ്പിച്ചാണ് 10 ലക്ഷം കോടി നേടിയെന്ന് പറയുന്നത്. ഈ പണം എന്തിന് ചെലവിട്ടുവെന്ന് ജനങ്ങളെ ബോധിപ്പിക്കണം.
ഒഴിവാക്കാന്‍ സാധിക്കുന്ന മണ്ടത്തരങ്ങളാണ് മോദി സര്‍ക്കാരിന്റേത്. പക്ഷേ, മതിയായ ആലോചനകള്‍ നടത്താതിരുന്നതാണ് പ്രശ്നം രൂക്ഷമാക്കിയത്. നോട്ട് നിരോധനം മണ്ടത്തരമായിരുന്നു. ചെറിയ സംരഭകരെ പോലും തകര്‍ക്കുന്ന തരത്തില്‍ ജിഎസ്ടി നടപ്പാക്കിയതും ശരിയായില്ല. പതിനായിരങ്ങള്‍ക്ക് ജോലി നഷ്ടപ്പെടുകയാണ് ഉണ്ടായത് എന്നും മന്‍മോഹന്‍ പറയുന്നു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബെംഗളൂരുവിലെത്തിയ മന്‍മോഹന്‍ സിങ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.