പ്രവാസലോകത്തെ കലാമേളകളിലെ സത്യങ്ങളും അപ്രിയ സത്യങ്ങളും…

കലാസങ്കല്‍പ്പങ്ങളില്‍ അടിപടലേ പരിണാമങ്ങള്‍ നടന്നിട്ടും ഒരു പ്രകാശവും ഏറ്റുവാങ്ങാതെ, സംസ്‌കാരത്തിന്റെ പുതിയ കലാഭാവുകത്വത്തെ ഏറ്റെടുക്കാതെ നില്‍ക്കുന്ന നമ്മുടെ പ്രവാസി കലാമേളകള്‍ ഇന്ന് മലയാളിമേനികളുടെ എടുപ്പുകുതിരയാണ്. ഈ കുതിര ഓടുകയില്ല. കാഴ്ച്ചപ്പണ്ടമായി എല്ലാ വര്‍ഷവും നിലനില്‍ക്കുകയേ ഉള്ളൂ. മത്സരബുദ്ധി കുത്തിനിറക്കുന്നതിനുപകരം, മത്സരത്തിന്റെ ഏകകേന്ദ്രത്തില്‍നിന്ന് ബഹുകേന്ദ്രിതമായ ഉത്സവാന്തരീക്ഷത്തിലേക്ക് കുട്ടികളെയും, മാതാപിതാക്കളെയും മാറ്റിയെടുക്കുവാന്‍ സംഘാടകര്‍ക്ക് കഴിയണം

ഞാന്‍ വിനു ജോസഫ് ,യൂറോപ്പില്‍ വര്‍ഷങ്ങളായി കുടുംബവുമായി താമസിക്കുന്നു. പ്രവാസലോകത്തു നടക്കുന്ന മിക്ക എല്ലാ കലാ പരിപാടികളിലും പങ്കെടുക്കുന്ന വ്യക്തിയുമാണ്. പ്രവാസി സംഘടനകള്‍ പ്രവാസ ലോകത്തു കലയുടെ മാമാങ്കം എന്നപേരില്‍ നടത്തുന്ന കലാമേളകളുടെ ചില സത്യങ്ങളും അപ്രിയസത്യങ്ങളും പ്രവാസി മലയാളികള്‍ അറിയണം എന്ന ആഗ്രഹത്താല്‍ ഇവിടെ ചിലതു കുറിക്കുന്നു. ഈ കുറിപ്പിനെക്കുറിച്ചുള്ള വായനക്കാരുടെ വിലയേറിയ അഭിപ്രായങ്ങളും ആക്ഷേപങ്ങളും എന്റെ vinu-joseph@gmx.de എന്ന ഇമെയില്‍ വഴി അറിയിക്കാവുന്നതാണ്.

പുകള്‍പെറ്റ മലയാളനാടിന്റെ യശസ്സ് മറുനാട്ടില്‍ കെങ്കേമമാക്കുവാനും പ്രവാസിമലയാളികളിലെ കുട്ടികളുടെ സര്‍ഗ്ഗവാസനയെ തൊട്ടുണര്ത്തുവാനുമാണ് പ്രവാസി സംഘടനകള്‍ ഇന്ന് കലാമത്സരങ്ങളും കലാമേളകളും സംഘടിപ്പിക്കുന്നത് എന്ന് പറയപ്പെടുന്നു, പക്ഷെ സത്യം അതിവിദൂരതയില്‍ ആണെങ്കില്‍പോലും.

ഇന്ന് പ്രവാസലോകത്തു സംഘടിപ്പിക്കപ്പെടുന്ന മിക്ക മത്സര മേളകളിലും തുടക്കം മുതല്‍ ഒടുക്കം വരെ അസഹനീയമായ മത്സരബുദ്ധിയാണ് കാണുന്നത്. മക്കളുടെ മത്സരത്തേക്കാള്‍, മാതാപിതാക്കളുടെ മത്സരമാണ് അണിയറയില്‍ നടക്കുന്നത് അതുമൂലം സൗഹൃദങ്ങള്‍ അകലുന്ന വേദിയായി മത്സരവേദികള്‍ മാറി. സമൂഹത്തെ ഒരുമിച്ചു നിര്‍ത്തേണ്ട സംഘടനകള്‍ കലാമത്സരങ്ങളിലൂടെ മാതാപിതാക്കളില്‍ വിരോധം വളര്‍ത്തി തങ്ങള്‍ നടത്തുന്ന മേളകളിലാണ് ശ്രദ്ധമുഴുവന്‍. അതായതു മകന്‍ ചത്താലും വേണ്ടില്ല മരുമകളുടെ കരച്ചില്‍ കണ്ടാല്‍ മതി എന്ന സൂത്രവാക്യം ഇവിടെ കൂര്‍മ്മബുദ്ധിയോടെ നടപ്പിലാക്കുന്നു. പക്ഷെ സംഘാടകരെ നിങ്ങള്‍ നടത്തുന്ന ഈ പ്രവര്‍ത്തിയില്‍ ഇന്ന് മാതാപിതാക്കളില്‍ ഉണ്ടാക്കിയിരിക്കുന്ന ഈ മത്സരബുദ്ധി നാളെ നമ്മുടെ കുട്ടികളിലേക്ക് പകര്‍ന്നാലുണ്ടാകുന്ന അപകടത്തെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ?…ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന കലാമേളയുടെ ബാക്കി പത്രമായി ഇന്നും പരസ്പരം കണ്ടാല്‍ മിണ്ടാത്ത വിരോധവുംപേറി നടക്കുന്ന കുടുംബങ്ങള്‍ ഇന്നും ഇവിടുണ്ടെന്നു മറക്കാതിരിക്കുക. കലാമേളകള്‍ക്കായി നല്‍കപ്പെടുന്ന ഈ ആത്മാര്‍ഥവും നിഷ്‌കളങ്കവുമായ പ്രാധാന്യത്തിന് നിലവിലുള്ള കലാമേളകള്‍ നീതി നല്‍കുന്നുണ്ടോ എന്നതാണ്. ഏറെക്കാലമായി നാം യൂറോപ്പിലെ ഏറ്റവും വലിയ കൌമാരകലോത്സവമെന്ന വാഴ്ത്തുമൊഴിയില്‍ ഉയര്‍ത്തിനിര്‍ത്തിയ കലാമേളകളെ അതിന്റെ മര്‍മത്തില്‍ നിര്‍ത്തി വിചാരണ ചെയ്യപ്പെടെണ്ടതല്ലേ?.

ഈ വിചാരണ ഇനിയെങ്കിലും നാം ഏറ്റെടുക്കാതിരുന്നുകൂടാ. കലാമേള പരിഷ്‌കരണമെന്ന പേരില്‍ ആണ്ടുതോറും നടത്തിവരുന്ന തൊലിപ്പുറശുശ്രൂഷകളില്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലഭിക്കുകയില്ല. പ്രവാസലോകത്തെ ഏറ്റവും ബൃഹത്തും ധനാത്മകവുമായ കലാവ്യവസായമായി പരിണമിച്ച കലാമേളകളിലെ കല പ്രശ്‌നവല്‍ക്കരിക്കപ്പെടുക എന്നൊന്ന് ഇതുവരെ നടന്നിട്ടില്ല. നിരന്തരമായ ആധുനീകരണത്തിനു വിധേയമായ ഇരുപതാം നൂറ്റാണ്ടിലെ കലാസാംസ്‌കാരികസമീക്ഷകളെ നാം കലാമേളയുടെ പടികയറ്റിയിട്ടില്ല. കലാമേളകളുടെ പിറവി തൊട്ടിന്നോളം ഇവര്‍ പരിഷ്‌കരിച്ചും നവീകരിച്ചും അനുശീലിച്ചത് കലോത്സവത്തെയല്ല, കലോത്സവഘടനയെയാണ്. അതിന്റെ ദൌര്‍ഭാഗ്യകരമായ പരിണിതഫലമോ കലാമേളയിലെ രണ്ട് ഘടകവും -കലയും മേളയും – ഉപഭോഗാത്മകവും കേവലമത്സരാധിഷ്ഠിതവും ജനാധിപത്യവിരുദ്ധവും അതിലുപരി മനുഷ്യവിരുദ്ധവുമായ ഒരു അധോമണ്ഡലമായി അശ്‌ളീലവല്‍ക്കരിക്കപ്പെട്ടു എന്നതാണ് സത്യം. വളര്‍ന്നുവരുന്ന തലമുറകളുടെ കലാസങ്കല്‍പ്പത്തിനെത്തന്നെ വികലവും ദരിദ്രവുമാക്കിത്തീര്‍ക്കുന്ന വ്യവസായമായി രൂപാന്തരപ്പെട്ട കലാമേളകളെ ഇനിയെങ്കിലും സൂക്ഷ്മത്തില്‍ പുനഃപരിശോധിക്കാന്‍ തയ്യാറാവേണ്ടതുണ്ട്. അല്ലാത്തപക്ഷം ചരിത്രം മാപ്പുതരാത്ത ഒരു പാതകമാണ് നാം എല്ലാവര്‍ഷവും കാഴ്ചകളില്‍ അഭിരമിച്ചും കുട്ടികളില്‍ മേനിനടിച്ചും തുടര്‍ന്നുപോവുക. കലാസാംസ്‌കാരികപ്രവര്‍ത്തകര്‍ സജീവമായി പങ്കെടുക്കുന്ന സംവാദങ്ങളുടെ വിപുലമണ്ഡലം ഇക്കാര്യത്തില്‍ രൂപപ്പെടേണ്ടത് അനിവാര്യമാണ്.
.
തങ്ങളുടെ മക്കളുടെ സമ്മാനലബ്ധിക്കായി ആവശ്യമെങ്കില്‍ ഒരു കലാമേള തന്നെ വിലയ്ക്കുവാങ്ങാന്‍ തയ്യാറുള്ള രക്ഷിതാക്കളാണ് പിന്നണിയില്‍ ഇന്നുള്ളത് . വിധികര്‍ത്താക്കളായി വരുന്നവരാരെന്ന് അറിയാനും അറിയിക്കാനുമായി തയ്യാറുള്ളവര്‍ പോലും സംഘടനാഭാരവാഹികളായി വിരാജിക്കുന്നു ,എല്ലാ നീക്കുപോക്കുകള്‍ക്കും സഹകരിക്കാന്‍ തയ്യാറുള്ള സംഘാടകര്‍, എന്നിങ്ങനെ പലതലങ്ങളിലുള്ള വൃത്തിഹീനമായ കൂമ്പാരമാണ് നിലവില്‍ നാം കാണുന്ന കലാമേളകള്‍ . പരസ്പരം കടിച്ചുകീറാനുള്ള ആന്തരികചോദനങ്ങളോടെ ഒരു കൂട്ടം മനുഷ്യര്‍ കലോത്സവമേളയിലേക്കു വരുന്നു. അവരുടെ കയ്യിലെ കരുക്കളാണ് കുട്ടികള്‍. അവരെ ഇറക്കി വെട്ടിയും പയറ്റിയും അവരില്‍ ചിലര്‍ സന്തോഷിക്കുന്നു, ചിലര്‍ ദുഃഖിക്കുന്നു, ചിലര്‍ കലഹിക്കുന്നു. മത്സരഫലപ്രഖ്യാപനം നടത്തുമ്പോള്‍ ജയിച്ചവരില്‍ കാണുന്ന ആഹ്ലാദപ്രകടനത്തില്‍പോലും സന്തോഷമല്ല കാണുന്നത് മറിച്ചു എതിര്‍ ഗ്രൂപ്പിനെ തോല്‍പ്പിച്ചതിലുള്ള ഉള്ളിലെ വിരോധമാണ് ആഹ്ലാദമായി പുറത്തുവരുന്നത് ,പിന്നീട് ജയിച്ചവരും തോറ്റവരും തമ്മില്‍ സോഷ്യല്‍മീഡിയ വഴിയുള്ള വാക്പയറ്റുകളും ,കുരിശുയുദ്ധവും വേറെ .ഇതിനൊക്കെ കഴിഞ്ഞവര്‍ഷം സാക്ഷികള്‍ ആകേണ്ടിവന്നവര്‍ക്കു കലാമേളയോട് അവമതിയാണ് ഉണ്ടാക്കിയത് .ഇതില്‍ ഇവര്‍ തന്നെ നിരന്തരം വ്യവഹരിക്കുന്ന മഹത്തായ കലതന്നെ എവിടെയുമില്ല.കലാമേളകളെ ആധുനീകരിക്കണമെങ്കില്‍ അതിലെ സുപ്രധാനഘട്ടം കലാമേളകളുടെ ഉത്സവവല്‍ക്കരണമാണ്. കുട്ടികളുടെ ആനന്ദോത്സവമായി, അവരുടെ ഒത്തുചേരലായി കലാമേളകളെ മാറ്റി നിര്‍വചിക്കാന്‍ കഴിയണം. മത്സരത്തിന്റെ ഏകകേന്ദ്രത്തില്‍നിന്ന് ബഹുകേന്ദ്രിതമായ ഉത്സവാന്തരീക്ഷത്തിലേക്ക് കുട്ടികള്‍ പരിണമിക്കപ്പെടേണ്ടിയിരിക്കുന്നു.
.
കല എന്ന വാക്കിനെക്കുറിച്ച് റെയ്മണ്ട് വില്യംസ് സൂചിപ്പിക്കുന്ന ഒരു സുപ്രധാനകാര്യമുണ്ട്. ഏതൊരു മേഖലയിലുമുള്ള വൈദഗ്ധ്യത്തെക്കുറിക്കുന്ന വാക്കായി വളരെ മുമ്പുതന്നെ ”അമൃ” എന്ന പദം ഇംഗ്‌ളീഷിലുണ്ടായിരുന്നു. എന്നാല്‍ ഭാവനാത്മകവും ബൌദ്ധികവുമായ വിശേഷരൂപം എന്ന നിലയില്‍ ഈ പദം ഉപയോഗിക്കപ്പെട്ടുതുടങ്ങിയത് പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ്. ഒരു കേവലനിര്‍മിതി എന്ന തലത്തില്‍നിന്ന് യാഥാര്‍ഥ്യത്തിന്റെ പുനര്‍വിഭാവനമായി കലയെ കണ്ടുതുടങ്ങുന്നതും ഇക്കാലത്താണ്. യാഥാര്‍ഥ്യത്തെ അഗാധയാഥാര്‍ഥ്യമാക്കി മാറ്റുന്ന സര്‍ഗാത്മകവ്യവഹാരമാണ് കല എന്ന ഈ ബോധമാണ് പത്തൊമ്പതാം നൂറ്റാണ്ടില്‍ കാന്റിയന്‍ യാഥാര്‍ഥ്യമായി ഉറയ്ക്കുകയും അനേകകാലം മാറ്റങ്ങള്‍ അധികമൊന്നുമേല്‍ക്കാതെ നിലനില്‍ക്കുകയും ചെയ്തത്. കലയുടെ കലാമൂല്യം, കലാമൂല്യം കൊണ്ട് കലയ്ക്ക് കൈവരുന്ന സ്വയംപര്യാപ്തത എന്നിവ ഒരു സവിശേഷചരിത്രസന്ദര്‍ഭത്തിന്റെ സൃഷ്ടിയാണ്. ആധുനികതയോടൊപ്പം വന്ന ഈ ആശയം, മനുഷ്യനെ ഒരു സ്വയം പര്യാപ്തകര്‍തൃത്വമായി തിരിച്ചറിയാന്‍ പ്രേരിപ്പിക്കുകയായിരുന്നു. പലതരം നിലനില്‍പ്പുകളില്‍ നിന്ന്, സ്വയം പര്യാപ്തമായ ഭാവനാസ്ഥാനമായി കലയെ കാണുന്ന വൈയക്തികദര്‍ശനം ആധുനികതയുടെ സംഭാവനയാണ്.
.
കലാമേളകളിലെ കലാമത്സരങ്ങളുടെ മത്സരഘടന പൊതുവെ എടുത്തുപരിശോധിച്ചാല്‍, ഇത്രമേല്‍ കലാവിരുദ്ധമായി എത്ര ശ്രമിച്ചാലും മറ്റാര്‍ക്കും കലാമത്സരം സാധ്യമാവില്ല എന്നു മനസ്സിലാവും. പരിഷ്‌കരിച്ചുപരിഷ്‌കരിച്ച് കലോത്സവമെത്തിനില്‍ക്കുന്ന മത്സരഘടനയുടെ സ്ഥിതിയാണിത്. കലോത്സവത്തില്‍ രണ്ടുതരം കലകള്‍ ആണുള്ളത്.1) നൈസര്‍ഗികകലകള്‍ 2) കൃത്രിമകലകള്‍ ഈ രണ്ടാമത് പറഞ്ഞ ഇനം എന്താന്നുവച്ചാല്‍, കലോത്സവത്തിനായി നിര്‍മിക്കപ്പെട്ടതോ പ്രത്യേകിച്ചൊരു സ്വാഭാവികതയുമില്ലാതെ നിര്‍മിക്കപ്പെട്ടതോ ആയ കലകള്‍ ആണ്. ഇപ്പറയുന്നതില്‍ ഒരു ശുദ്ധകലാവാദം കാണുന്നവരുണ്ടാവാം, അവരോട് നല്ല നമസ്‌കാരം.ഉദാഹരണത്തിന് ഫോക്ക് ഡാന്‍സ് എന്നൊരിനമുണ്ട്. കൂടുതല്‍ നല്ല പേര് ഫെയ്ക്ക് ഡാന്‍സ് എന്നാണ്. ഫോക്ക് എന്ന പദവുമായോ ഫോക്ലോര്‍ പ്രതിനിധീകരിക്കുന്ന കലാസംസ്‌കാരവുമായോ ഇതിനു കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ല. മലങ്കുറവനും കുറത്തിയും ഒക്കെയായിരുന്നു മുന്‍പെങ്കില്‍ ഇപ്പൊഴങ്ങനെ ഇന്നതെന്നൊന്നുമില്ല പ്രമേയം. എന്തുമാവാം. അതുപോലെ തന്നെ സംഘാടകരുടെ ഇഷ്ടാനുസരണം ഓരോ വര്ഷം ചെല്ലുംതോറും വ്യവസായത്തിനും ആളെ കൂട്ടാനുംവേണ്ടി ഓരോ ഐറ്റങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു .
.
കല മത്സരിക്കാനുള്ളതല്ല എന്നതാണ് വാദം. കായിക ഇനങ്ങളെപ്പോലെ കൃത്യമായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നിര്‍വചിക്കാവുന്ന ഒന്നല്ല കലാരൂപങ്ങള്‍. അതുകൊണ്ട് മത്സരം കടുത്ത തെറ്റാണ് എന്നാണ് വാദം. ഇതിനുള്ള ഉത്തരം മുമ്പൊരിക്കല്‍ സുകുമാര്‍ അഴീക്കോട് പറഞ്ഞു: ‘വേറെന്തിനുവേണ്ടിയുള്ള പടപ്പാണ് എന്നു ചോദിച്ചാലും വലിയ തീര്‍ച്ചയൊന്നും ആര്‍ക്കുമില്ലാത്ത സ്ഥിതിക്ക് കല കൊണ്ട് വേണമെങ്കില്‍ മത്സരവുമാവാം. കല കൊണ്ട് മത്സരിച്ചുകൂടാ എന്ന ചിന്തയില്‍ കലക്ക് നാം മറ്റു സാമൂഹികപ്രവൃത്തികള്‍ക്കു മേല്‍ നല്‍കുന്ന ഒരു അധികമാനമുണ്ട്. അതു മുമ്പേ നാം സാഹിത്യത്തിനു കൊടുത്തുപോന്ന മഹത്വപരിവേഷത്തിന്റെ തുടര്‍ച്ചയാണ്. കലാമേളകളെ ആധുനീകരിക്കണമെങ്കില്‍ അതിലെ സുപ്രധാനഘട്ടം കലാമേളകളുടെ ഉത്സവവല്‍ക്കരണമാണ്. കുട്ടികളുടെ ആനന്ദോത്സവമായി, അവരുടെ ഒത്തുചേരലായി കലാമേളകളെ മാറ്റി നിര്‍വചിക്കാന്‍ കഴിയണം. മത്സരത്തിന്റെ ഏകകേന്ദ്രത്തില്‍നിന്ന് ബഹുകേന്ദ്രിതമായ ഉത്സവാന്തരീക്ഷത്തിലേക്ക് കുട്ടികള്‍ പരിണമിക്കപ്പെടേണ്ടിയിരിക്കുന്നു.
.
പ്രവാസലോകത്തേക്കു പറിച്ചു നടപ്പെട്ട കലാമേളകള്‍ , അതിനു പിറകില്‍ ഒരുപാട് പേരുടെ കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും കലോപാസനയുടെയും ആയിരമായിരം ഉപകഥകളും നിരന്നുനില്‍ക്കുന്നുണ്ടായിരിക്കാം .അതുപോലെ പ്രവാസലോകത്തെ കലാമേളകളെ ഇത്ര ജനകീയമാക്കുന്നതില്‍ മാധ്യമങ്ങള്‍ നല്‍കിയ നിര്‍ലോഭമായ പിന്തുണയും വിസ്മരിക്കാനാവില്ല.സ്‌പോണ്‍സേഴ്സിന്റെ പരസ്യങ്ങളാല്‍ കുത്തിനിറക്കപ്പെട്ട ഇവരുടെ വെബ്സൈറ്റുകളില്‍ ഒരു പൊടിക്കുപോലും ഒരു മാധ്യമത്തിന്റെയും ലോഗോയോ ഒരു ലിങ്കുമോ കൊടുക്കാന്‍ ഇവര്‍ തയ്യാറാകേണ്ടതല്ലേ ?. ഇനിയൊ മത്സരത്തിനായി രെജിസ്‌ട്രേഷന്‍ ഫീസെന്ന വ്യാജേന വാങ്ങുന്ന തുക ഓരോ വര്‍ഷവും ഇഷടംപോലെ കൂട്ടികൊണ്ടിരിക്കുന്നു ,അതുപോലെ ഒരു മല്‍സരാര്‍ഥി മത്സരത്തിനായി ചെലവിടേണ്ടി വരുന്ന തുക വളരെ കൂടുതലാണ് . നൃത്തനൃത്യ ഇനങ്ങളിലാണ് തുക കൂടുതല്‍ ചെലവ് .കാഴ്ചക്കാരില്‍ നിന്നും അമിതമായ പണം ഈടാക്കുന്നു , പരിപാടികള്‍ക്ക് മാതാപിതാക്കളോടൊപ്പം കുട്ടികള്‍ എത്തുകയും അതുവഴി ഖജനാവില്‍ പണം നിറക്കാം എന്ന കുബുദ്ധിയാണിതിന് പിന്നില്‍. നൃത്തനൃത്യ രൂപങ്ങള്‍ക്ക് അമിത പ്രാധാന്യം ലഭിക്കുന്നുവെന്നതാണ് കലാമേളകളെപ്പറ്റി പൊതുവെ ഉയരുന്ന ഒരു വിമര്‍ശനം., പ്രത്യക്ഷവും പരോക്ഷവുമായി നല്ലൊരു തുക , വിശ്രമമില്ലാത്ത ദിവസങ്ങള്‍…അവസാനം ബഹുഭൂരിപക്ഷത്തിനും അതൃപ്തി- ഇതാണ് മഹാമേളയുടെ ബാക്കി. കലാവിഷ്‌കരണമാണ് പ്രധാനമെന്ന ചിന്ത വളര്‍ത്താന്‍ ഇത് കുട്ടികളെ പ്രേരിപ്പിക്കുകയും ചെയ്യും. മല്‍സരത്തിനുവേണ്ടിയുള്ള പഠനം, കല കലയ്ക്കുവേണ്ടിയല്ല മല്‍സരത്തിനു വേണ്ടിയാണ് എന്ന സൂചനയാണ് കുഞ്ഞുമനസ്സുകളില്‍ ഉറപ്പിക്കുന്നത്. ഇവിടെ ചോര്‍ന്നുപോവുന്നത് കലാരംഗത്തെ കുട്ടികളുടെ അഭിരുചിയും കഴിവുകളുമാണെന്നതാണ് യാഥാര്‍ഥ്യം.
.
വര്‍ഷങ്ങള്‍ക്ക് മുന്‍പ്, മത്സരമേളകള്‍ ഇവിടെ ഇല്ലാതിരുന്ന കാലത്ത് ഉണ്ടായതെല്ലാം താനേ മൂത്ത് പഴുത്തു. മേളകള്‍ മത്സരവേദികളായി മാറിയതോടെ എത്രയും വേഗം മത്സരമുറ്റത്ത് ഇറക്കി പ്രശസ്തി നേടാന്‍ രക്ഷിതാക്കള്‍ ഞെക്കിയും മരുന്നടിച്ചും പഴുപ്പിക്കാന്‍ തുടങ്ങിയതോടെ കലയിലുള്ള കുട്ടികളുടെ താത്പര്യം താനേ കുറഞ്ഞു. കലാമണ്ഡലം കല്യാണികുട്ടിയമ്മ ജീവിത തപസ്യയായി അനുഷ്ഠിച്ച കല ഒറ്റ ദിവസംകൊണ്ട് അഭ്യസിച്ച് സമ്മാനം നേടുന്ന പ്രതിഭകളെ വാര്‍ക്കുന്ന മത്സരമേളകള്‍ കണ്ട് സഹൃദയര്‍ സ്തബ്ദരായി, അതിനെ കച്ചവടവല്ക്കരിക്കുന്നതും കണ്ട് കലാഹൃദയം തേങ്ങി. ആകാശത്തിന്റെ ഉന്നതങ്ങളില്‍ നിന്നും ആഴിയുടെ അഗാധഗര്‍ത്തത്തിലേക്ക് പതിച്ച ഇത്തരം കലാമേളകള്‍ കുട്ടികള്‍ക്കും യുവതലമുറക്കും വേണ്ടായെങ്കില്‍ പിന്നെ ആര്‍ക്ക് വേണ്ടിയാണ്, എന്തിനു വേണ്ടിയാണ് നടത്തപ്പെടുന്നത്?
.
നാട്ടില്‍ നടാടെ അന്യം നിന്ന പട്ടങ്ങള്‍ കാട്ടി …തിലക ഭ്രാന്തുപിടിച്ചവരുടെ കൊതിയെ കുതിപ്പിക്കുന്ന, രംഭ തിലോത്തമ തിലകപരമപീഠകീര്‍ത്തി ആനയാണ്,ശിങ്കമാണ്, പുലിയാണെന്ന് പറഞ്ഞ് നടത്തുന്ന ആത്മാവിഷ്‌കാര ഗന്ധമില്ലാത്ത കലാകുംഭമേളകള്‍ വെറും കുഴിയാനയാണെന്നും, കാശിന് ക്ഷാമമില്ലാത്തതിനാല്‍ സമ്മാനലബ്ദിക്കും, പ്രശസ്തിക്കും, അംഗീകരത്തിനും വേണ്ടി എന്ത് വിലകൊടുക്കാനും തയ്യാറുള്ള പ്രാഞ്ചിയേട്ടത്തിന്മാരേ ചാക്കിലാക്കാന്‍ നടത്തുന്ന പ്രഹസനമാണ് ഇത്തരം പുരസ്‌കാരമേളകളെന്ന് ഇവിടെ ആര്‍ക്കാ അറിയാത്തത്. ഓരോ കൊല്ലം കഴിയും തോറും പങ്കെടുക്കാന്‍ കുട്ടികളെ കിട്ടാതെ വരുമ്പോള്‍ അടുത്തനാടും, അതിനടുത്തനാടും തേടി സംഘാടകര്‍ അലയുന്നു. കലാകാരന്മാരല്ലാത്ത ചില കശ്മലന്മാരുടെ തുരപ്പന്‍ പണി മാത്രമാണിത്. പുരസ്‌കാരങ്ങള്‍ നേടാന്‍ വ്യാജയോഗ്യതകള്‍ ഉണ്ടാക്കിയ ആള്‍ അയോഗ്യനാകുന്നു എന്ന നിയമം സര്‍വ്വസാധാരണമാണെന്നിരിക്കേ, ചില മാതാപിതാക്കളുടെ മയാലീലകള്‍ കണ്ടാല്‍ സാക്ഷാല്‍ കൃഷ്ണന്‍ വരെ അവരെ കുമ്പിട്ട് കുമ്മിയടിക്കും. ലാലേട്ടന്റെ ഡയാലോഗ് പോലെ ഒരു ഗപ്പിനുവേണ്ടി ഡമ്മിപേരുകള്‍ രജിസ്റ്റര്‍ ചെയ്യുകയും, സ്വന്തബന്ധങ്ങളുമായി കടിപിടി കൂടുകയും, വിധികര്‍ത്താക്കളെ കക്ഷത്തിലാക്കുകയും, മറ്റു മത്സരാര്‍ത്ഥികളെ നൈസായി വഞ്ചിക്കുകയും ചെയ്യുന്ന ഹീനന്മാരുടെ ഉത്സവമായി മത്സരമേളകള്‍ ഇവിടേയും മാറിയിരിക്കുന്നു .
.
എന്നാല്‍ ഇങ്ങനെ നടത്തുന്ന കലാമേളയുടെ സുതാര്യതയെകുറിച്ചു പറയാതിരിക്കുന്നതാണ് ഭംഗി …കലാപ്രതിഭയും ,കലാരത്‌നങ്ങളും നേരം വെളുക്കുമ്പോള്‍ മാറി മറയുന്ന വാര്‍ത്തകളാണ് കലാമേള കഴിഞ്ഞാല്‍ അടുത്ത ദിവസങ്ങളില്‍ പുറത്തു വരുന്നത് ..തിലകത്തെയും ,പ്രതിഭകളെയും ,മത്സരവിജയികളെയും മാറ്റി സ്ഥാപിക്കുന്നതിലൂടെ ഈ കുട്ടികള്‍ക്കുണ്ടാകുന്ന മനോവിഷമത്പ്പറ്റി എത്ര ലാഘവത്തോടുകൂടിയാണിവര്‍ കാണുന്നത് .തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം ,പക്ഷെ തെറ്റിനെ കുഴിച്ചുമൂടി പിന്നെയും ഞങ്ങള്‍ ചെയ്താണ് ശരി എന്ന ഭാവത്താല്‍ നടക്കുന്ന സംഘാടകരെ കാണുമ്പോള്‍ പുശ്ചമാണ് താനും . മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളില്‍ നിന്ന് വാങ്ങുന്ന ഫീസ് ഓരോ വര്‍ഷവും കൂട്ടികൊണ്ടേയിരിക്കുന്നു,കൂടാതെ മത്സരങ്ങള്‍ കാണാനെത്തുന്ന കാണികളില്‍നിന്നും ,പിന്നെ കഞ്ഞി കാപ്പ എന്നിവ വിറ്റുകിട്ടുന്ന വരുമാനത്തിനുപുറമെ സ്‌പോണ്‍സേഴ്സില്‍നിന്നു കിട്ടുന്ന വരുമാനം വേറെയും ..തട്ടിച്ചു നോക്കുമ്പോള്‍ കലാമേളകള്‍ സംഘടനയുടെ വരുമാനസ്രോതസ്സ് വര്‍ധിപ്പിക്കാനുള്ള ഒരെളുപ്പ മാര്‍ഗമായി ഇവര്‍ കാണുന്നു .കലയെ വളര്‍ത്താനോ ,കുട്ടികളിലെ കലകള്‍ ഉണര്‍ത്താനോ അല്ല ഈക്കൂട്ടര്‍ വേദിയൊരുക്കുന്നതു ,എങ്ങിനെ മേളകള്‍ ലാഭകരമാക്കാം എന്നാണ് ചിന്ത .മുന്‍കാലങ്ങളില്‍ പരിപാടികള്‍ കഴിഞ്ഞാല്‍ ഒത്തൊരുമയോടെ (വിഭാഗികത ഉണ്ടെങ്കിലും )സംഘാടകര്‍ ഹാളുകളൊക്കെ വൃത്തിയാക്കിയിരുന്നെങ്കിലും ഇപ്പോള്‍ അതിനുവേണ്ടി പോലും അന്യസംസ്ഥാന അല്ലെങ്കില്‍ അന്യരാജ്യ തൊഴിലാളികളെ ആശ്രയിക്കേണ്ട ഗതികേട് കണ്ടുവരുന്നു .ഇതിനു മുതിരുന്നത് മേളകളിലൂടെ ഉണ്ടാകുന്ന അധിക വരുമാനം കൊണ്ടാണ്.കുശാഗ്രബുദ്ധിയുള്ള ചില വ്യക്തികള്‍ സങ്കടനയെ കൈപ്പിടിയിലൊതുക്കുവാനും കുശാഗ്ര തീരുമാനങ്ങള്‍ സംഘടനക്കുവേണ്ടി ഇന്നെടുക്കുന്നതു പല പച്ചക്കറി തോട്ടങ്ങളിലും ,ചില പ്രാര്‍ത്ഥനാഗ്രൂപ്പുകളുടെ മറവിലുമാണെന്നാണ് വര്‍ത്തമാനം.
.
കലാമേളയുടെയും ,കുട്ടികളെ കല പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയുടെയും മറവില്‍ നാട്ടിലുള്ള വ്യക്തിക്ക് സംഘടനപോലും അറിയാതെ സംഘടനയെ ഹൈജാക്ക് ചെയ്ത് ചില കമ്മിറ്റി അംഗങ്ങളുടെ അറിവോടെ വ്യക്തി നേട്ടങ്ങള്‍ക്കു വേണ്ടി യൂറോപ്പില്‍ സ്ഥിരതാമസത്തിനുള്ള വിസ പോലും ശരിയാക്കികൊടുത്തത് അങ്ങാടിയില്‍ പാട്ടാണ് .ഇവരിന്നു സുഖമായി യൂറോപ്പിലെ പല രാജ്യങ്ങളിലും കറങ്ങി നടന്നു പണം സമ്പാദിക്കുന്നു .ഇതിന്റെ ഒരു വിഹിതം ഈ അവസരമൊരുക്കിയ സംഘാടകര്‍ക്കുണ്ടോ എന്ന് അന്ന്വഷണവിധേയമാക്കേണ്ടതാണ് .അതുപോലെ നാട്ടില്‍നിന്നും എത്തിക്കുന്ന സെലിബ്രര്‍ട്ടികളാണ് മറ്റൊരു ആകര്‍ഷണം ,പണ്ടുവന്ന ഒരു കലാകാരന് സംഘടനാ എന്തൊ പുരസ്‌കാരം നല്‍കിയതിന്റെ വിഭാഗിയത ആ സംഘടനയില്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ലാ എന്നുള്ളതും ഇവരുടെ കുശാഗ്രബുദ്ധിയെ തുറന്നു കാണിക്കുന്നു .കലയുടെ മറവില്‍ ആണിതൊക്കെ എന്ന് ഓര്‍ക്കുന്നതും നന്ന് .കലയുമായി പുലബന്ധംപോലുമില്ലാത്ത വിധികര്‍ത്താക്കളെയിരുത്തി സംഘാടകര്‍ ആഗ്രഹിക്കുന്ന രീതിയില്‍ വിധി നിര്‍ണയം നടത്തുന്നതും മാലോകര്‍ക്ക് അറിവുള്ളതാണുതാനും.ഇനി ഇവര്‍ പറയുന്ന നിയമാവലി അനുസരിച്ചു മൂന്ന് മത്സരങ്ങള്‍ ഇല്ലങ്കില്‍ കാന്‍സല്‍ ചെയ്യും എന്നുള്ളത് സാഹചര്യമനുസരിച്ചു മാറിക്കൊണ്ടിരിക്കും ..ഡാന്‍സ് ഐറ്റത്തില്‍ ആണെങ്കില്‍ അവസാനം വരെ പുറത്തുപറയില്ല ,ഉടുത്തൊരുങ്ങി നില്‍ക്കുന്ന്‌ന കുട്ടികള്‍ മനസില്ല മനസോടെ മത്സരമില്ലെങ്കിലും നൃത്തമവതരിപ്പിക്കാന്‍ വിധിക്കപ്പെടുകയാണ് അവസാനം .
.
ദുര്‍ഗ്ഗന്ധം വമിക്കുന്ന കലാമേള ഫാക്ടറികള്‍ ഉണ്ടാക്കുന്ന തിലകകോപ്പക്കും,ടോയ്ലറ്റ് പേപ്പറിന്റെപോലും വിലയില്ലാത്ത സര്‍ട്ടിഫിക്കറ്റിനും വേണ്ടി മനുഷ്യത്വമില്ലാതെ വളഞ്ഞ വഴിയിലൂടെ മാത്രം ചരിക്കുന്നവരേ, അല്പായുസ്സായ ഏകദ്വിദിന യശസ്സിനുവേണ്ടി സുഹൃത്തുക്കളോടും, സഹോദരരോടും കാട്ടിക്കൂട്ടുന്ന പീറത്തങ്ങള്‍ ഈ സമൂഹത്തില്‍ അതിപരസ്യമായ പാട്ടാണ്. ഒരു പുരസ്‌കാരം നിര്‍ദ്ദിഷ്ട കുട്ടിക്ക് നല്കാന്‍ ഇക്കാലത്ത് ഒരു പ്രയാസവും ഇല്ല. ഭക്ഷണത്തോണിയിലും, മദ്യഭരണിയിലും കഴിയുന്ന വന്ദ്യവായസങ്ങള്‍ വിധികര്‍ത്താക്കളായി വരുന്നതോടെ അത് ചിലരുടെ അന്ത്യവിധിയായ് മാറുന്നു. ഇനി തിലകമടിച്ചാലോ അവരുടെ പരിചയത്തില്‍ ഒരു മാധ്യമ സുഹൃത്ത് ഉണ്ടെങ്കില്‍ ജനിച്ചപ്പോഴേ കൊച്ച് ആടിയതും, പാടിയതും, പടങ്ങളും, ഇല്ലാക്കഥകളും തുടര്‍ക്കഥയായി ദിനം പ്രതി അച്ചടിച്ച് പ്രസിദ്ധീകരിക്കും. ഇനി തിലകമടിച്ചില്ലെങ്കിലോ കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് പുച്ഛിച്ച് ജഡ്ജിമാരെ പരസ്യമായി പഴിപറയും ,
.
ഞങ്ങളുടേതാണ് ഏറ്റവും ആഡംബരം നിറഞ്ഞ പരിപാടിയെന്നും,ഗ്ലാമറുള്ള പുരസ്‌കാരമെന്നും വലിയ വാര്‍ത്തയുണ്ടാക്കി ,എവിടുന്നോ എങ്ങിനെയോ കിട്ടിയ ഒരു അവാര്‍ഡിന്റെ മഹത്വവുംപേറി പ്രവാസലോകത്തെ ഏറ്റവും വലിയ കലാമേളയെന്നും ,എംബസിയുടെയും മറ്റുചില നാട്ടിലെ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെയാണെന്നും വാര്‍ത്തകളില്‍ എല്ലാം കുത്തിനിറച്ചു ,ഞങ്ങള്‍ ചെയ്യുന്നതെല്ലാം ചാരിറ്റിക്കാണന്നും പറഞ്ഞു കലാവഞ്ചനായജ്ഞം നടത്തുന്ന പ്രസ്ഥാനങ്ങള്‍ വിദേശ രാജ്യങ്ങളില്‍ കുറവല്ല. കരികുരങ്ങ് രസായനത്തില്‍ കരികുരങ്ങൊഴിച്ച് മറ്റെല്ലാമുണ്ട് എന്ന് പറയുന്നപോലെയാണ് ഈ മത്സരമേളകളുടെ പ്രവര്‍ത്തനം.
.
പുരസ്‌കാരമോഹംപൂണ്ട് തിലകം, രത്‌ന അവാര്‍ഡുകള്‍ വഴി കിട്ടുന്ന പേരാണ് ജീവിതത്തില്‍ ഏറ്റവും വരണീയം എന്ന് കരുതുന്നവര്‍ ഭ്രാന്തരും, നാണംകെട്ടവരും, ജീര്‍ണ്ണമനസ്‌കരുമാണ്. ഉള്ളില്‍ കനകപ്രഭയില്ലാത്തവരാണ്, കഴുത്തില്‍ പൊന്‍മാല ധരിക്കാന്‍ വെമ്പുന്നത്. കാലഗതിയില്‍ കരിക്കട്ടയായി മാറുന്ന മത്സരമേളകള്‍ ജനം ഒന്നടങ്കം തിരസ്‌കരിക്കുമ്പോള്‍ അത് കണ്ടില്ലെന്ന് നടിച്ച് സംഘാടകര്‍ വീണ്ടും പടയണി നടത്തരുത്. വിവേചനത്തിന്റെ തമ്മിലടിയുടെ മത്സരമേളകള്‍ മാറി, ഉത്സവമേളകള്‍ വരട്ടെ, സഹകരണം നീണാള്‍ വാഴട്ടെ.കറകളഞ്ഞ കലാമേളകള്‍ വരട്ടെ ,മത്സരബുദ്ധിയില്ലാതെ ഐക്യത്തിന്റെ കാഹളമായി തീരട്ടെ ഇനിയുള്ള കലാമേളകള്‍.