ശാന്തമാകാതെ കണ്ണൂര്‍ ; പോലീസ് നിഷ്ക്രിയം ; ബിജെപി ഓഫീസും പോലീസ് ജീപ്പും അഗ്നിക്ക് ഇരയായി
കൊലപാതകങ്ങള്‍ക്ക് പിന്നാലെ കണ്ണൂരില്‍ വ്യാപക അക്രമം. ബിജെപി ഓഫീസും പുതുച്ചേരി പോലീസിന്റെ ജീപ്പും പ്രതിഷേധക്കാര്‍ കത്തിച്ചതായി റിപ്പോര്‍ട്ടുകള്‍. മാഹി പള്ളൂരില്‍ ബിജെപി ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. അക്രമികള്‍ ഓഫീസ് തീവെയ്ക്കുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകനായ ബാബുവിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കിടെയാണ് ഓഫീസിന് തീവെച്ചതെന്ന് ആരോപണം ഉയര്‍ന്നത്. അതേസമയം മുഖ്യമന്ത്രിക്കെതിരെ ബൈപ്പാസ് വിഷയത്തില്‍ സംസാരിച്ചതിനാലാണ് ബാബു കൊല്ലപ്പെട്ടതെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രചരണം നടക്കുന്നുണ്ട്. പുതുച്ചേരി മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രസംഗമാണ് വ്യാജ പ്രചരണത്തിനാി ആര്‍എസ്എസ് ഉപയോഗിക്കുന്നത്. ബാബുവിന്റെ കൊലപാതകത്തെ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ഉപമിച്ചാണ് പോസ്റ്റുകള്‍.
‘മാഹിയിലെ ബാബുവേട്ടന്‍ മറ്റൊരു ടി.പിയോ, എന്തിനീ ക്രൂരത കമ്മ്യൂണിസ്റ്റ് കാട്ടാള നേതാക്കന്മാരേ..’ എന്ന രീതിയിലാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. അതേസമയം കേരളത്തിലെ ആര്‍എസ്എസുകാരോട് കൊലക്കത്തി താഴെ വെക്കാന്‍ നരേന്ദ്രമോദി ഉപദേശിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. ആര്‍എസ്എസുകാര്‍ കേന്ദ്രഭരണത്തിന്റെ തണലില്‍ ആക്രമണ പരമ്പരകള്‍ തുടരുകയാണ്. ജനങ്ങളെ ഭയവിഹ്വലരാക്കി പ്രകോപനാന്തരീക്ഷം സൃഷ്ടിച്ച് സമാധാനാന്തരീക്ഷം തകര്‍ക്കാനു്ള്ള ഗൂഢ പദ്ധതിയുടെ ഭാഗമായിട്ടാണ് കണ്ണൂരില്‍ സിപിഎം നേതാവായ കണ്ണിപ്പൊയില്‍ ബാബുവിനെ വെട്ടിക്കൊന്നത്. കണ്ണൂരില്‍ സമാധാനം തകര്‍ക്കാനാണ് ബിജെപി ശ്രമമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രകോപനവുമില്ലാതെ വീട്ടിലേക്ക് പോവും വഴിയാണ് ബാബുവിനെ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്. കൂത്ത് പറമ്പിലെ തൊക്കിലങ്ങാടിയില്‍ ആര്‍എസ്എസ് ശിബിരത്തില്‍ ആസൂത്രണം ചെയ്ത കാര്യമാണ് അവര്‍ ഇപ്പോള്‍ നടപ്പിലാക്കിയതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആര്‍.എസ്.എസുകാര്‍ ഇതുവരെ 15 സിപിഎം പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയതെന്നും കോടിയേരി വ്യക്തമാക്കി.
അതേസമയം ആര്‍എസ്എസ്സിന്റെ 21 ദിവസത്തെ ദ്വിതീയ വര്‍ഷ സംഘ ശിഷാ വര്‍ഗ് അവസാനിച്ച് മണിക്കൂറുകള്‍ക്കകമാണ് മാഹിയില്‍ സിപിഎം പ്രവര്‍ത്തകന്‍ കാല്ലപ്പെട്ടതെന്ന് പി ജയരാജനും ആരോപിച്ചു. കൂത്തുപറമ്പിലെ തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ 21 ദിവസമായി നടന്നിരുന്ന ആയുധ ക്യാമ്പിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടും പോലീസ് അത് തടയാന്‍ ശ്രമിച്ചില്ല എന്ന ആരോപണമുയരുന്നുണ്ട്. മെയ് ആറാം തിയ്യതിയാണ് ക്യാമ്പ് അവസാനിച്ചത്. ക്യാമ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കമാണ് ക്രൂരമായ കൊലപാതകം മാഹിയില്‍ അരങ്ങേറിയത്. ‘ദ്വിതീയ വര്‍ഷ സംഘ ശിഷാ വര്‍ഗ്’ നടത്താന്‍ അനുവദിച്ചത് കോണ്‍ഗ്രസ് നേതൃത്വം ഭരിക്കുന്ന സ്‌കൂള്‍ മാനേജ്മെന്റായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. മാഹിയില്‍ പൊലീസ് ആര്‍എസ്എസ്സിന് നല്‍കുന്ന സഹായമാണ് ഈ കൊലപാതകത്തിന്റെ മറ്റൊരു കാരണമെന്നും പി ജയരാജന്‍ ആരോപക്കുന്നു. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് ബാബുവിനെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനു തിരിച്ചടിയായി പെരിങ്ങാടിയിലെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ഷമേജിനെയും ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.