കോണ്ഗ്രസ് ഒറ്റകക്ഷിയായാല്‍ താന്‍ പ്രധാനമന്ത്രിയാകുവാന്‍ തയ്യാര്‍ എന്ന് രാഹുല്‍ഗാന്ധി
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയാണെങ്കില്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് രാഹുല്‍ ഗാന്ധി. ജയിച്ചാല്‍ എന്തുകൊണ്ട് ആയിക്കൂടാ, പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിനായിരുന്നു രാഹുലിന്റെ മറുപടി. രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമായി.”കോണ്‍ഗ്രസ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയാണെങ്കില്‍ ഞാന്‍ ആ ചുമതല ഏറ്റെടുക്കും. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി പദം അലങ്കരിക്കാനുള്ള താല്‍പര്യം രാഹുല്‍ പരസ്യമാക്കുന്നത്.കഴിഞ്ഞ സെപ്തംബറില്‍ അമേരിക്കയിലെ ബര്‍ക്കേലി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട് സംവദിക്കവേയാണ് രാഹുല്‍ പ്രധാനമന്ത്രി പദത്തിലേറാന്‍ പൂര്‍ണ സമ്മതമെന്ന് അറിയിച്ചത്. കര്‍ണാടകയിലെ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചത്.
കര്‍ണാടകയില്‍ സമൃദ്ധ ഭാരത് ഫൗണ്ടേഷന്റെ ആദ്യ സമ്മേളനത്തില്‍ നടന്ന ചര്‍ച്ചയിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടുമെത്തില്ല എന്ന് രാഹുല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ദൗര്‍ഭാഗ്യവശാല്‍ ബിജെപിക്ക് അടുത്ത തവണ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചാലും മോദിക്ക് പ്രധാനമന്ത്രിയാകാന്‍ സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എയര്‍പ്ലെയ്ന്‍ മോഡിലിടുന്ന മൊബൈല്‍ ഫോണ്‍പോലെയാണ് മോദിയെന്ന് രാഹുല്‍ പരിഹസിച്ചു. രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി ഒന്നും മിണ്ടാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായേയും ബി.എസ്.യദ്യൂരപ്പയേയും കടന്നാക്രമിക്കാനും രാഹുല്‍ മറന്നില്ല. അഴിമതിക്കേസില്‍പ്പെട്ടയാളെ മാത്രമ ബിജെപിയ്ക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ കിട്ടിയുള്ളോ എന്നു ചോദിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ കര്‍ണാടകത്തിലെ ബിജെപിയുടെ പ്രചരണം നയിക്കുന്നത് കൊലക്കുറ്റം സംബന്ധിച്ച് ആരോപണം നേരിടുന്ന അമിത് ഷായാണെന്നത് പരിതാപകരമാമെന്നും കൂട്ടിച്ചേര്‍ത്തു.