കൌണ്ടി കളിക്കാന്‍ കോഹ്ലി പോകുന്നു ; ടെസ്റ്റില്‍ ഇന്ത്യയെ രഹാന നയിക്കും
ക്യാപ്റ്റന്‍ വിരാട് കോഹ്ലി കൌണ്ടി മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന്റെ ഒഴിവില്‍ അഫ്ഗാനിസ്താന്റെ അന്താരാഷ്ട്ര അരങ്ങേറ്റ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ അജിന്‍ക്യ രഹാനെ നയിക്കും. ജൂണ്‍ 14 മുതല്‍ ബെംഗളൂരുവില്‍ വെച്ചാണ് അഫ്ഗാനിസ്താന്‍- ഇന്ത്യ പോരാട്ടം. ടെസ്റ്റ് പദവി കിട്ടിയ ശേഷം അഫ്ഗാന്റെ അരങ്ങേറ്റ പോരാട്ടമാണിത്. ചൊവ്വാഴ്ച മുംബൈയില്‍ നടക്കുന്ന ദേശീയ സെലക്ഷന്‍ കമ്മിറ്റി മീറ്റിങ്ങിലാവും രഹാനെയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. ആറു വ്യത്യസ്ത ടീമുകളുടെ പ്രഖ്യാപനമാണ് നടക്കുക.
അഫ്ഗാനെതിരെയുള്ള ടെസ്റ്റ് ടീമിന് പുറമെ, ഇംഗ്ലണ്ട് എ ടീമിനെതിരെയുള്ള ഇന്ത്യന്‍ എ ടീം, ത്രിരാഷ്ട്ര ടൂര്‍ണമെന്റിനുള്ള എ ടീം, അയര്‍ലന്‍ഡിലേക്കുള്ള ട്വന്റി-20 ടീം, ഇംഗ്ലണ്ടിലേക്കുള്ള ഏകദിന, ട്വന്റി-20 ടീമുകള്‍ എന്നിവയാണ് ചൊവ്വാഴ്ച സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കുക. യുവതാരങ്ങള്‍ക്ക് പുറമേ ഐ.പി.എല്ലില്‍ മികച്ച ഫോമിലുള്ള താരങ്ങളും സെലക്ഷന്‍ കമ്മിറ്റിയുടെ പരിഗണനയില്‍ വന്നേക്കും. നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ് രഹാനെ.