കേരളത്തില്‍ വട്ടപ്പൂജ്യമായ മുഖ്യമന്ത്രിയും കാശിന് കൊള്ളാത്ത ഡിജിപിയും : ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയൻ ഒരു വട്ടപൂജ്യമാണെന്നും കാല്‍കാശിന് കൊള്ളാത്തയാളാണ് ഡിജിപിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസിന്റെ മേലുള്ള നീയന്ത്രണം പൂര്‍ണമായും മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടിരിക്കുകയാണ് ഈ സാഹചര്യത്തില്‍ അദ്ദേഹം ആഭ്യന്തര വകുപ്പ് ഒഴിയാന്‍ തയാറാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കസ്റ്റഡി മരണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരേ യുഡിഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ഉപരോധസമരം സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഉയര്‍ന്നു വരുന്ന ക്രമസമാധാന തകര്‍ച്ചയ്ക്കും കസ്റ്റഡി മരണങ്ങള്‍ക്കുമെതിരേ എല്ലാ ജില്ലകളിലെയും കളക്ടറേറ്റുകളാണ് യുഡിഎഫിന്റെ നേതൃത്വത്തില്‍ പിക്കറ്റ് ചെയ്യുന്നത്. കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്‍ എറണാകുളത്തും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോട്ടയത്തും മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ കോഴിക്കോടും സമരം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് ചെന്നിത്തല അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.