ഐ എസില്‍ ചേരാന്‍ ആഹ്വാനവുമായി പോസ്റ്ററുകള്‍ പതിച്ച ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്. ഐഎസ്ഐസില്‍ ചേരുക എന്നാഹ്വാനം ചെയ്യുന്ന കറുത്ത പതാകകള്‍ മരത്തില്‍ ഒട്ടിച്ച നിലയിലാണ് കണ്ടെത്തിയത്. ഇംഗീഷിലും അറബിയിലും എഴുതിയ സന്ദേശമാണ് പതാകയിലുണ്ടായിരുന്നത്. പ്രദേശവാസികള്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് പതാകകള്‍ നീക്കം ചെയ്ത് അന്വേഷണം ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്ന ആറ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറും ഇപ്പോള്‍ ബിജെപി പ്രവര്‍ത്തകനുമായ തപന്‍ ബര്‍മന്‍, മുജമ്മില്‍ അലി, മുനി അലി, പുലക് ബര്‍മാന്‍, ദിപജ്യോതി താക്കൂര്‍, സരുജ്യോതി ബെയ്ഷ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിനുമുന്‍പും പ്രദേശത്ത് നിന്ന് ഇത്തരത്തില്‍ ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്യുന്ന പതാകകള്‍ പൊലീസ് കണ്ടെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണം ശക്തമാക്കവെയാണ് സംഭവത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കുള്ള ബന്ധം പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ പ്രതികള്‍ ഇതുവരെ കുറ്റം ഏറ്റുപറയുകയോ കൂടുതല്‍ വിവരങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.