മോദിക്ക് ഉത്ഘാടനത്തിന് സമയം ഇല്ല ; പണി തീര്‍ത്ത ഹൈവേ ഉടന്‍ തുറക്കണം എന്ന് സുപ്രീംകോടതി

പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് സമയം ഇല്ലാത്തത് കാരണം പണി തീര്‍ന്നു മാസങ്ങള്‍ കഴിഞ്ഞ ഹൈവേ ജനങ്ങള്‍ക്ക് വേണ്ടി ഇതുവരെ തുറന്നു കൊടുത്തില്ല. ഇതോടെ നിര്‍മാണം പൂര്‍ത്തീകരിച്ച അതിവേഗ പാത ഉദ്ഘാടനം നടത്താതെ വൈകിപ്പിക്കുന്നതില്‍ അതൃപ്തി അറിയിച്ച് സുപ്രീം കോടതി രംഗത്ത് വന്നു. ഡല്‍ഹിയിലെ രൂക്ഷമായ വാഹനത്തിരക്കും മലിനീകരണ പ്രശ്‌നങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മാണം പൂര്‍ത്തീകരിച്ച പാതയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ കാത്തിരിക്കുന്നതെന്തിനെന്ന് കോടതി ചോദിച്ചു. പാത ജൂണ്‍ ഒന്നിന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ദേശീയപാതാ അതോറിറ്റിയുടെ കീഴില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഈസ്റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനം സംബന്ധിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ‘എന്തുകൊണ്ടാണ് ഇതുവരെ ഉദ്ഘാടനം നടത്താത്തത്? ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് എന്തിനാണ്? പ്രധാനമന്ത്രി പാത ഉദ്ഘാടനം ചെയ്യുന്നതുവരെ അനന്തമായി കാത്തിരിക്കാനാവില്ല.’- ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

എന്നാല്‍ ഏപ്രില്‍ 29ന് എക്‌സ്പ്രസ് വേ ഉദ്ഘാടനം നടത്തുന്നതിന് നിശ്ചയിച്ചിരുന്നതാണെന്നും എന്നാല്‍ പ്രധാനമന്ത്രിയുടെ തിരക്ക് മൂലം ഉദ്ഘാടന പരിപാടി റദ്ദാക്കുകയായിരുന്നെന്ന് ദേശീയപാതാ അതോറിറ്റി കോടതിയില്‍ പറഞ്ഞു. കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് ഉദ്ഘാടനം നിര്‍വഹിക്കാന്‍ സാധിച്ചില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍ ഉദ്ഘാടനം നടത്താതെയും പ്രവര്‍ത്തനം ആരംഭിക്കാമെന്ന് കോടതി പറഞ്ഞു. ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാതെ മേഘാലയ ഹൈക്കോടതി അഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉദ്ഘാടനം നടന്നാലും ഇല്ലെങ്കിലും മെയ് 31ന് മുന്‍പായി അതിവേഗ പാത ജനങ്ങള്‍ക്ക് തുറന്നുകൊടുക്കണം. ഡല്‍ഹിയില്‍ അനുഭവപ്പെടുന്ന ഗതാഗത തിരക്കിന് പരിഹാരമുണ്ടാക്കുക എന്നതാണ് പ്രധാനമെന്നും കാലതാമസമുണ്ടാകുന്നത് ജനങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.