ഫ്ലിപ്‌കാര്ട്ടിനെ വാള്‍മാര്‍ട്ട് വാങ്ങിയത് ലോട്ടറിയടിച്ചു ജീവനക്കാര്‍ ; ഒരു രാത്രികൊണ്ട് പലരും കോടീശ്വരന്‍മാരായി
ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാരക്കമ്പനിയായ ഫ്ളിപ്കാര്‍ട്ടിനെ ലോകത്തിലെ ഏറ്റവും വലിയ ചില്ലറ വില്‍പ്പന കമ്പനിയായ വാള്‍മാര്‍ട്ട് ഏറ്റെടുത്തതോടെ ലോട്ടറി അടിച്ച അവസ്ഥയിലാണ് ഫ്ലിപ്‌കാര്‍ട്ട് ജീവനക്കാര്‍. ഏറ്റെടുക്കലിന്റെ ഭാഗമായി ഫ്‌ളിപ്കാര്‍ട്ടിന്റെ നിലവിലുള്ള ജീവനക്കാരുടെയും മുന്‍ ജീവനക്കാരുടെയും കൈവശമുള്ള ഓഹരികള്‍ (ഇഎസ്ഒപി) വാള്‍മാര്‍ട്ട് വാങ്ങുന്നതോടെയാണ് ഇവരുടെ സമയം തെളിയുന്നത്. കമ്പനി ഏറ്റെടുക്കല്‍ നടന്നതോടെ ജീവനക്കാരുടെ ഓഹരികള്‍ വന്‍ വിലയ്ക്ക് വാള്‍മാര്‍ട്ട് ഏറ്റെടുക്കും. 3300 കോടിയുടെ ഓഹരികളാണ് ഇത്തരത്തില്‍ ഏറ്റെടുക്കുന്നത്.
ഇതോടെ നൂറുകണക്കിന് ഫ്‌ളിപ്കാര്‍ട്ട് ജീവനക്കാര്‍ കോടിപതികളായി മാറുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്രയും വലിയ തോതില്‍ ജീവനക്കാരുടെ ഓഹരികള്‍ ഏറ്റെടുക്കുന്നത്. ഫ്ലിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികളാണ് 1600 കോടി ഡോളറിന് (ഏകദേശം 1.08 ലക്ഷം കോടി രൂപ) വാള്‍മാര്‍ട്ട് സ്വന്തമാക്കിയത്. സോഫ്റ്റ് ബാങ്ക് അടക്കം വിവിധ മുന്‍നിര കമ്പനികളുടെ കൈവശമുള്ള ഓഹരികളാണ് വാള്‍മാര്‍ട്ടിന് കൈമാറുക. സോഫ്റ്റ് ബാങ്കിന് 23 ശതമാനം ഓഹരികളാണുള്ളത്.