നടിയെ തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ കമിതാക്കളായ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അറസ്റ്റില്‍

പണത്തിനു വേണ്ടി സിനിമാ നടിയെ കൊലപ്പെടുത്തിയ കേസില്‍ കമിതാക്കളായ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ കുറ്റക്കാര്‍ എന്ന് കോടതി. നേപ്പാള്‍ നടിയായ മീനാക്ഷി ഥാപ്പയെ കൊലപ്പെടുത്തിയ കേസിലാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായ അമിത് ജയ്സ്വാള്‍, പ്രീതി സൂരിന്‍ എന്നിവരെ മുംബൈ സെഷന്‍സ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്. ഇവര്‍ക്കുള്ള ശിക്ഷ വ്യാഴാഴ്ച വിധിക്കും. താന്‍ പണക്കാരിയാണെന്നും കാശിനുവേണ്ടിയല്ല, നേരംപോക്കായാണ് സിനിമയില്‍ അഭിനയിക്കുന്നതെന്നുമായിരുന്നു മീനാക്ഷി എല്ലാവരോടും പറഞ്ഞിരുന്നത്. ഇത് വിശ്വസിച്ചാണ് അമിതും കാമുകി കൂടിയായ പ്രീതിയും അവരില്‍ നിന്ന് പണം തട്ടാന്‍ പദ്ധതി തയ്യാറാക്കിയത്. ഇതനുസരിച്ച് ബോജ്പുരി സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഇരുവരും ചേര്‍ന്ന് മീനാക്ഷിയെ അലഹബാദില്‍ പ്രീതിയുടെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.

ഇവിടെ വച്ച് പതിനഞ്ച് ലക്ഷം രൂപയാണ് ഇവര്‍ മീനാക്ഷിയില്‍ നിന്ന് ആവശ്യപ്പെട്ടത്. തങ്ങളുടെ ഉദ്ദേശ്യം നടക്കില്ലെന്ന് മനസ്സിലായതോടെ അവര്‍ മീനാക്ഷിയെ തലയറുത്ത് കൊലപ്പെടുത്തുകയും ജഡം വീടിന്റെ സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് മുംബൈയിലേയ്ക്കുള്ള യാത്രാമധ്യേ തല ബസ്സിൽ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിയുകയായിരുന്നു. ഇതിനിടെ മീനാക്ഷിയുടെ ഫോണും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് 46,000 രൂപ അവര്‍ കൈക്കലാക്കുകയും ചെയ്തിരുന്നു. ഇതാണ് പ്രതികളെ പിടികൂടാന്‍ കാരണമായത്. 2012 ഏപ്രില്‍ 12ന് മീനാക്ഷിയുടെ ഡെബിറ്റ് കാര്‍ഡില്‍ നിന്ന് വീണ്ടും പണം പിന്‍വലിക്കാനായി എത്തിയപ്പോഴാണ് ഇരുവരും അറസ്റ്റിലാവുന്നത്. 2012ലാണ് മീനാക്ഷി കൊല്ലപ്പെട്ടത്. കരീനാ കപൂര്‍ നായികയായ ഹീറോയ്നില്‍ ഒന്നിച്ച് അഭിനയിച്ചവരാണ് മീനാക്ഷിയും അമിതും പ്രീതിയും. അങ്ങനെയാണ് ഇവര്‍ പരിചയപ്പെടുന്നത്.