അമ്മയെ വേദനിപ്പിക്കുന്നതാണ് മോദിയുടെ സന്തോഷം : രാഹുല്‍ഗാന്ധി
തന്റെ അമ്മയെ വേദനിപ്പിക്കുന്നതില്‍ സന്തോഷിക്കുന്ന ഒരു പ്രധാന മന്ത്രിയാണ് ഇന്ത്യയില്‍ ഉള്ളത് എന്ന് കോണ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മോദിക്ക് എല്ലാവരോടും ദേഷ്യമാണ്. അത് അദ്ദേഹത്തിന്റെ ഉള്ളില്‍ തന്നെയുള്ളതാണ്. ഉള്ളിലുള്ളതാണ് പുറത്തേക്ക് വരുന്നത്. ലോഹ ദണ്ഡ് മിന്നലിനെയെന്നവണ്ണം താന്‍ അദ്ദേഹത്തിന്റെ ദേഷ്യത്തെ ആകര്‍ഷിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. മോദിയുടെ ദേഷ്യം തന്റെ നേരെ തിരിയുന്നത് താനൊരു ഭീഷണിയായി അദ്ദേഹം കരുതുന്നതുകൊണ്ടാണെന്നും രാഹുല്‍ പറയുന്നു. എന്റെ അമ്മ ഇറ്റലിക്കാരിയാണ്. എന്നാൽ ജീവിതത്തിന്റെ കൂടുതൽ കാലവും അവര്‍ ഇന്ത്യയിലാണ് ജീവിക്കുന്നത്. മറ്റ് പല ഇന്ത്യാക്കാരേക്കാളും നല്ല ഇന്ത്യക്കാരിയാണ് തന്‍റെ അമ്മ. ഈ രാജ്യത്തിന് വേണ്ടി അവർ വളരയേറെ ത്യാഗം സഹിച്ചു. പലതും ത്യജിച്ചു. വൈകാരികമായി രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി അവരെ വേദനിപ്പിക്കുന്നതില്‍ സന്തോഷിക്കുന്നു. സന്തോഷം ലഭിക്കുന്നുവെങ്കില്‍ അദ്ദേഹം അത് തുടര്‍ന്നോട്ടെയെന്നും രാഹുല്‍ പറഞ്ഞു. കേന്ദ്രമന്ത്രിമാരുള്‍പ്പടെയുള്ള വലിയ സംഘമാണ് ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയത് അതില്‍ നിന്ന് തന്നെ അവര്‍ പരിഭ്രാന്തിയിലാണെന്ന് വ്യക്തമാണെന്നും രാഹുല്‍ പറയുന്നു. സോണിയ ഗാന്ധിയുടെ ഇറ്റാലിയന്‍ ജന്മത്തിന്റെ പേരില്‍ മോദി അവരെ നിരന്തരം കടന്നാക്രമിക്കുന്നതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് രാഹുല്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.