യു കെയില്‍ ദുരൂഹ സാഹചര്യത്തില്‍ മലയാളി യുവതി മരിച്ചനിലയില്‍

ലണ്ടന്‍: യുകെയില്‍ ദുരൂഹ സാഹചര്യത്തില്‍ മലയാളി യുവതി മരിച്ചതായി റിപ്പോര്‍ട്ടുകള്‍. റെഡിങ്ങില്‍ താമസിച്ചിരുന്ന മലയാളി വീട്ടമ്മ എലിസബത്ത് ബിജു (38)വിനെയാണ് ഇന്ന് രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവല്ല സ്വദേശി ബിജു ഏബ്രഹാമിന്റെ ഭാര്യയാണ്. വിപ്രോയില്‍ സീനിയയര്‍ ഐ ടി കണ്‍സള്‍ട്ടന്റായി ജോലി നോക്കുകയാണ് ബിജു. എലിസബത്ത് നേരത്തെ നാട്ടില്‍ ഫാര്‍മസിസ്റ്റ് ആയി ജോലി നോക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഐ ടി അനലിസ്റ്റ് ആയി സ്വന്തമായി ജോലി ചെയ്യുകയായിരുന്നു. ഇവര്‍ക്ക് പന്ത്രണ്ടും എട്ടും വയസുള്ള രണ്ടു പെണ്‍കുട്ടികള്‍ ആണ് ഉള്ളത്, ഇന്ന് രാവിലെ മൂത്ത കുട്ടിയെ സ്‌കൂളില്‍ ആക്കി തിരിച്ചു വന്ന ബിജു സോഫയില്‍ മരിച്ച നിലയില്‍ കിടക്കുകയായിരുന്ന എലിസബത്തിനെ കാണുകയായിരുന്നു എന്നാണു പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്.

ഇന്നലെ രാത്രിയില്‍ വയറ്റില്‍ വേദന ആയിരുന്നു എന്നും എലിസബത്ത് നേരത്തെ കിടക്കാന്‍ പോയി എന്നുമാണ് ബിജു സുഹൃത്തുക്കളോട് പറഞ്ഞത്. രാവിലെ പതിവുപോലെ മൂത്ത കുട്ടിയെ റെഡിയാക്കി സ്‌കൂളില്‍ കൊണ്ടുപോയി ആക്കിയ ശേഷം ഇളയ കുട്ടിയേയും സ്‌കൂളില്‍ ആക്കി തിരികെ വന്നപ്പോഴും ഭാര്യയുടെ അനക്കമൊന്നും കേള്‍ക്കാതെ വന്നപ്പോള്‍ ആണ് ബിജു സോഫയില്‍ കിടക്കുന്ന എലിസബത്തിനെ ശ്രദ്ധിക്കുന്നത് എന്നും തൊട്ടു വിളിച്ചപ്പോള്‍ അനക്കം ഇല്ലായിരുന്നു എന്നും ഉടന്‍ തന്നെ 999 വിളിക്കുകയും, പോലീസും, ആംബുലന്‍സും എത്തുകയും ആശുപത്രിയിലേക്ക് മാറ്റുകയും ആയിരുന്നു എന്നും ബിജുവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍ ഇന്നലെ രാത്രി ഉറങ്ങാന്‍ മുറിയില്‍ കിടന്ന എലിസബത്ത് എങ്ങനെയാണ് താഴെ സോഫയില്‍ എത്തിയത് എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. വൈകിട്ട് വയ്യാതെ കിടന്നതിനാല്‍ രാവിലെയും വിളിച്ചെഴുന്നേല്‍പ്പിക്കാനോ ശല്യപെടുത്താനോ പോയില്ല, ഓഫീസില്‍ പോകുന്നതിനു മുന്‍പ് വിവരം പറയാന്‍ വിളിച്ചപ്പോള്‍ ആണ് അനങ്ങുന്നില്ല എന്ന കാര്യം മനസിലായത് എന്നാണ് ബിജുവിന്റെ ഭാഷ്യം.