കേരളത്തില്‍ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ വിവാഹത്തിന് സാക്ഷിയായി തിരുവനന്തപുരം

പ്രതിസന്ധികളെയും സമൂഹത്തിന്റെ കുറ്റപ്പെടുത്തലുകളെയും അതിജീവിച്ച് ഇഷാനും സൂര്യയും വിവാഹിതരായി. പാറ്റൂര്‍ മടത്തുവിളാകത്തു വീട്ടില്‍ വിജയ കുമാരന്‍ നായരുടേയും ഉഷാവിജയന്റേയും മകളാണ് സൂര്യ. വള്ളക്കടവ് മുഹമ്മദ് കബീറിന്റേയും ഷാനിഫാ കബീറിന്റേയും മകനാണ് ഇഷാന്‍. സൂര്യ ഹൈന്ദവ കുടുംബ പശ്ചാതലത്തില്‍ നിന്നും ഇഷാന്‍ ഇസ്ലാം സമുദായത്തില്‍ നിന്നുമായതിനാല്‍ കേവലമൊരു രജിസ്റ്റര്‍ വിവാഹം എന്നതിലുപരി വിപുലമായിതന്നെയാണ് ഇവരുടെ വിവാഹം നടന്നത്. ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളായ സൂര്യയുടെയും ഇഷാന്റെയും ആറുവര്‍ഷത്തെ സൗഹൃദമാണ് വിവാഹത്തിന് വഴിയൊരുക്കിയത്.

ഇരുവരും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായതിനാല്‍, ഐഡി കാര്‍ഡുകളില്‍ സൂര്യ സ്ത്രീയും ഇഷാന്‍ പുരുഷനുമാണ്. അതുകൊണ്ടുതന്നെ, നിയമ വിധേയമായി വിവാഹം നടത്താന്‍ തടസ്സങ്ങള്‍ ഉണ്ടായില്ല. മുപ്പത്തൊകാരിയായ സൂര്യ 2014ലാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാവുന്നത്. സൂര്യ ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന സോഷ്യല്‍ ആക്റ്റിവിസ്റ്റും, ഭിന്ന ലൈംഗിക ന്യൂനപക്ഷ പ്രവര്‍ത്തകയുമാണ്.