സായിദ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് അബുദാബിയില്‍

അബുദാബി: രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ജന്മശദാബ്ദി ആചരണത്തോട് അനുബന്ധിച്ച് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററും ഗള്‍ഫ് സത്യധാരയും സംയുക്തമായി സംഘടിപ്പിക്കുന്ന സായിദ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് മെയ്11 വെള്ളിയാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും.

പ്രമുഖ വാഗ്മിയും പണ്ഡിതനുമായ അബ്ദുസ്സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന നിയമ സഭാ സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി എന്നിവര്‍ മുഖ്യാതിഥികള്‍ ആയി സംബന്ധിക്കും. സായിദ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി രാവിലെ മുതല്‍ വിവിധ ആഘോഷ പരിപാടികള്‍ നടക്കും.

ശൈഖ് സായിദിന്റെ ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫോട്ടോ പ്രദര്‍ശനം, സൗജന്യ മെഡിക്കല്‍ ക്യാമ്പ്, ഇന്‍ഡോ – അറബ് സാംസ്‌കാരികോത്സവം എന്നിവ ഒരുക്കും.

മുറൂര്‍ റോഡിലുള്ള ഓക്‌സ്‌ഫോര്‍ഡ് മെഡിക്കല്‍ സെന്ററില്‍ രാവിലെ എട്ടു മണി മുതല്‍ ആരംഭിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് വൈകുന്നേരം നാലുമണി വരെ നീണ്ടു നില്‍ക്കും. വിവിധ വിഭാഗങ്ങളിലെ വിദഗ്ദരായ ഡോക്ടര്‍മാര്‍ പരിശോധനകള്‍ക്കു നേതൃത്വം നല്‍കും. സെന്റര്‍ ഹാളില്‍ ഒരുക്കുന്ന ഫോട്ടോ പ്രദര്‍ശനം വെള്ളിയാഴ്ച രാവിലെ പത്തു മണി മുതല്‍ ആരംഭിക്കും.

വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന സായിദ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം യു. എ. ഇ. പ്രസിഡണ്ടിന്റെ മുന്‍ മതകാര്യ ഉപദേഷടാവ് ശൈഖ് അലി അല്‍ ഹാഷിമി ഉദ്ഘടാനം ചെയ്യും. സെന്റര്‍ പ്രസിഡണ്ട് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിക്കും. സത്യധാര ചെയര്‍മാന്‍ സാദിഖലി ശിഹാബ് തങ്ങള്‍, ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി, ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി, അബ്ദു സമദ് സമദാനി എന്നിവര്‍ പങ്കെടുക്കും. ശൈഖ് സായിദിന്റെ പേരില്‍ ഇന്ത്യയില്‍ നടപ്പിലാക്കുന്ന കുടിവെള്ള – വിദ്യാഭ്യാസ പദ്ധതികളുടെ പ്രഖ്യാപനം ഉണ്ടാകും.

Report: P. M. AbDuL RaHiMaN