കുട്ടികളെ തട്ടുന്ന സംഘം എന്ന വാട്സ് ആപ്പ് വ്യാജസന്ദേശം ; തമിഴ്‌നാട്ടില്‍ രണ്ടു പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ നാട്ടിലിറങ്ങിയിട്ടുണ്ടെന്ന വ്യാജ വാട്‌സ്ആപ്പ് സന്ദേശത്തേത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ രണ്ടു പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. യാചക വേഷത്തില്‍ കണ്ടയാളെ രണ്ടുപേര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഹിന്ദിയില്‍ മറുപടി പറഞ്ഞ ഇയാളോട് തമിഴില്‍ സംസാരിക്കാന്‍ പറഞ്ഞ് മര്‍ദിച്ചു. താഴെ വീണപ്പോള്‍ ഇയാളുടെ പോക്കറ്റില്‍ നിന്നും കത്തിയും ബ്ലേഡും പുറത്തേക്ക് വീണു. ഇതോടെ ഉത്തരേന്ത്യയില്‍ നിന്നുവന്ന കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തില്‍ പെട്ടയാളാണെന്ന് അവര്‍ ആക്രോശിക്കുകയും കൂടുതല്‍ പേര്‍ സംഭവ സ്ഥലത്തെത്തി ഇയാളെ മര്‍ദിക്കുകയും ചെയ്തതായി സമീപവാസികള്‍ പറയുന്നു. മര്‍ദിച്ച് അവശനാക്കിയ ഇയാളെ പാലത്തില്‍ നിന്നും താഴേക്ക് കെട്ടിത്തൂക്കിയിട്ടുവെന്നാണ് റിപ്പോര്‍ട്ട്.
സമാനമായ മറ്റൊരു സംഭവത്തില്‍ തിരുവണ്ണാമലൈ ജില്ലയില്‍ അഞ്ഞൂറോളം പേര്‍ ചേര്‍ന്നാണ് ഇതേ കുറ്റമാരോപിച്ച് മുതിര്‍ന്ന പൗരന്മാരുള്‍പ്പെടെയുള്ള അഞ്ചു പേര്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ചത്. നാട്ടുകാര്‍ ചോദ്യം ചെയ്ത ശേഷം കാര്‍ തലകീഴെ മറിച്ചിടുകയായിരുന്നു. 65 കാരിയായ രുക്മണി സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ഉത്തരേന്ത്യന്‍ സംഘം തമിഴ്‌നാട്ടില്‍ ഇറങ്ങിയിട്ടുണ്ടെന്നും മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് കൊടുത്തുകൊണ്ടുള്ള വ്യാജ സന്ദേശങ്ങള്‍ വാട്‌സ്ആപ്പിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രചരിക്കുന്നുണ്ട്. ഇതിന്റെ പേരിലാണ് ജനക്കൂട്ടം അക്രമാസക്തമാവുന്നതെന്ന് പോലീസ് പറയുന്നു. കുറച്ചു നാള്‍ മുന്‍പ് കേരളത്തിലും ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങള്‍ സജീവമായിരുന്നു. ധാരാളം അന്യദേശ തൊഴിലാളികള്‍ക്ക് ഇതിന്റെ പേരില്‍ ക്രൂരമായ മര്‍ദനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു.