ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി ശ്രീദേവിയെ കൊലപ്പെടുത്തിയത് എന്ന ആരോപണവുമായി നിര്‍മ്മാതാവ് രംഗത്ത്
മുംബൈ : അന്തരിച്ച പ്രമുഖ ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നു ആരോപിച്ച് ബോളിവുഡ് നിര്‍മ്മാതാവ് രംഗത്ത്. ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണ് എന്നും ആരോപിച്ചാണ് നിര്‍്മ്മാതാവായ സുനില്‍ സിംഗ് സുപ്രീം കോടതിയെ സമീപിച്ചത്. വിചിത്രമായ വാദമാണ് ഇയാള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉന്നയിച്ചത്. ഇന്‍ഷൂറന്‍സ് തുക ലഭിക്കുന്നതിന് വേണ്ടി ശ്രീദേവിയെ കൊലപ്പെടുത്തിയതാണ് എന്നാണ് സുനില്‍ സിംഗ് പറയുന്നത്. ഒമാനില്‍ ശ്രീദേവിക്ക് 240 കോടി രൂപയുടെ ഇന്‍ഷൂറന്‍സ് പോളിസിയുണ്ട്. ഈ ഇന്‍ഷൂറന്‍സ് തുക യുഎഇയില്‍ വെച്ച് മരിച്ചാല്‍ മാത്രമേ ലഭിക്കുകയുള്ളൂ. ഈ പണത്തിന് വേണ്ടിയാണ് ശ്രീദേവിയെ കൊലപ്പെടുത്തിയത് എന്ന് സുനില്‍ സിംഗ് ആരോപിക്കുന്നു. നേരത്തെ ഇതേ ഹര്‍ജിയുമായി സുനില്‍ സിംഗ് ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി കോടതി തള്ളുകയായിരുന്നു. ഇതോടെയാണ് സമാന ഹര്‍ജിയുമായി സുനില്‍ സിംഗ് സുപ്രീം കോടതിക്ക് മുന്നിലെത്തിയത്. എന്നാല്‍ വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് കാണിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് സുനില്‍ സിംഗിന്റെ ഹര്‍ജി തള്ളി. ഇക്കാര്യം നേരത്തെ പരിശോധിച്ച് തള്ളിയതാണെന്നും വീണ്ടും ഈ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ശ്രീദേവിയുടെ മരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള സമാന ഹര്‍ജികള്‍ നേരത്തെ കോടതി തള്ളിയിരുന്നു. ശ്രീദേവിയുടെ മരണ സ്വതന്ത്ര ഏജന്‍സികള്‍ അന്വേഷിക്കണം എന്നാണ് ദില്ലി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സുനില്‍ സിംഗ് ഉന്നയിച്ച ആവശ്യം. 5 അടി നീളമുള്ള ബാത്ത് ടബ്ബിലാണ് ശ്രീദേവി മരിച്ച് കിടന്നത്. ശ്രീദേവിയുടെ ഉയരം 5 അടി 7 ഇഞ്ച് ആണെന്നിരിക്കേ എങ്ങനെ മരണം സാധ്യമാകും എന്ന് സുനില്‍ സിംഗ് ചോദിക്കുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് ശ്രീദേവി ബോധം പോയി ബാത്ത്ടബ്ബിലേക്ക് വീണു മരിച്ചു എന്നാണ്. ഇത് സംശയമുണര്‍ത്തുന്നതാണ് എന്നാണ് ഹര്‍ജിക്കാരന്റെ വാദം. ഇക്കഴിഞ്ഞ ഫെബ്രുവരി 24നാണ് ദുബായിലെ ഹോട്ടലില്‍ വെച്ച് ശ്രീദേവി മരിക്കുന്നത്. മരണത്തിന് മിനുറ്റുകള്‍ക്ക് മുന്‍പേ വരെ ആരോഗ്യവതിയായി ഭര്‍ത്താവ് ബോണി കപൂറിനൊപ്പം മുറിയില്‍ ശ്രീദേവി സംസാരിച്ച് കൊണ്ടിരുന്നു. പുറത്തേക്ക് ഡിന്നറിന് പോകാന്‍ തയ്യാറാകുന്നതിന് വേണ്ടിയാണ് ശ്രീദേവി കുളിമുറിയില്‍ പോയത്. എന്നാല്‍ പിന്നെ അവര്‍ തിരികെ വന്നില്ല. ബാത്ത്ടബ്ബില്‍ മുങ്ങിക്കിടക്കുന്ന നിലയിലാണ് ബോണി കപൂര്‍ ഭാര്യയെ കണ്ടെത്തിയത്.