അന്യസംസ്ഥാനങ്ങളില്‍ സ്വന്തം വാഹനങ്ങളില്‍ യാത്രപോകുന്ന മലയാളികള്‍ അറിയാന്‍
അന്യ സംസ്ഥാനങ്ങളില്‍ യാത്രപോകുന്ന സമയം റോഡ് അപകടങ്ങളില്‍ കൊല്ലപ്പെടുന്ന മലയാളികളുടെ വാര്‍ത്തകള്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ സ്ഥിരം വരുന്ന ഒന്നാണ്. പഴനിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ഏഴ് മലയാളികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. മുഖ്യമായും തമിഴ്‌നാട്ടിലെ റോഡുകളിലൂടെയുള്ള തീര്‍ത്ഥാടക , വിനോദ സഞ്ചാര യാത്രക്കിടെയാണ് അപകടങ്ങള്‍ ഏറെയും. മിക്കതിലും ഒരു കുടുംബം തന്നെ ഒന്നോടെ ഇല്ലാതാകുന്ന സ്ഥിതിയാണ്. എന്ത് കൊണ്ടാണ് ഈ അപകടങ്ങള്‍. അന്യദേശ യാത്രക്കാരെ കൊള്ളയടിക്കുവാനുള്ള കള്ളന്മാരുടെ ഗൂഡാലോചനയാണ് എന്ന ഒരു ആരോപണം നിലനില്‍ക്കുന്നുണ്ട് എങ്കിലും അപകടങ്ങള്‍ക്ക് പിന്നിലെ ഒരു ശാസ്ത്രീയ വശം കൂടിയുണ്ട്.
അതില്‍ മുഖ്യമായ ഒന്ന് ഈ അപകടങ്ങളില്‍ ഭൂരിഭാഗവും സംഭവിക്കുന്നത് അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയുമായിരിക്കും എന്നതാണ്. ഡ്രൈവമാര്‍ ഉറങ്ങിപ്പോകുന്നതാണ് ഈ അപകടങ്ങളുടെയൊക്കെ പ്രധാന കാരണം. കേരളത്തിലെയും അയല്‍സംസ്ഥാനങ്ങളിലെയും റോഡുകള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. തമിഴ്നാട്ടിലെ സുഖയാത്ര നല്‍കുന്ന വിശാലമായ റോഡുകള്‍, പരിധികളിലാത്ത വേഗം തുടങ്ങിയവ അപകടത്തിനു കാരണമാകുന്നു. ദീര്‍ഘദൂര യാത്രയിലെ ക്ഷീണം കൂടിയാകുമ്പോള്‍ യാത്ര പലപ്പോഴും അപകടത്തില്‍ എത്തുന്നു. സ്വന്തമായി ഡ്രൈവ് ചെയ്തു പോകുന്നവരാണ് ഇത്തരത്തില്‍ കൂടുതലും അപകടത്തില്‍ പെടുന്നത്. ദീര്‍ഘദൂരം വാഹനം ഓടിച്ചു ശീലമില്ലാത്തവര്‍ ഇതിനു തുനിയുന്ന സമയം കാത്തിരിക്കുന്നത് വന്‍ അപകടം തന്നെയാണ്. \
ഒരു പരിധിവരെ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുവാന്‍ ചില മാര്‍ഗങ്ങള്‍ ഇതാ.
1. ദൂരയാത്രാ ഡ്രൈവിംഗിന് മുന്‍പായി നന്നായി ഉറങ്ങുക.
2. ദീര്‍ഘ ഡ്രൈവിംഗിന് മുമ്പ് ഏഴോ എട്ടോ മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങുക.
3. ഡ്രൈവിംഗ് അറിയുന്ന ഒരാളെ ഇത്തരം യാത്രകളില്‍ ഒപ്പം കൂട്ടുക.
4. രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും കഴിയുമെങ്കില്‍ വാഹനമോടിക്കാതിരിക്കുക. സ്വാഭാവികമായും ഉറങ്ങാനുള്ള ഒരു പ്രവണത ഈ സമയത്ത് ശരീരത്തിനുണ്ടാകുന്ന സമയമാണിത്
5. കഫൈന്‍ അടങ്ങിയ പാനീയങ്ങളോ, പദാര്‍ത്ഥങ്ങളോ യാത്രയില്‍ ഒപ്പം കരുതുക. തലച്ചോറിനെ ഊര്‍ജ്ജസ്വലമാക്കാന്‍ കഫൈനിനു കഴിയും.
6. ഡ്രൈവിംഗില്‍ അമിതമായ ആവേശവും ആത്മവിശ്വാസവും ഒഴിവാക്കുക. ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കുക
നിങ്ങള്‍ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല. കാറിന്റെ ഗ്ലാസ്സ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ സൗണ്ടില്‍ വയ്ക്കുന്നതോ ഒന്നും എല്ലായിപ്പോഴും ഉറക്കത്തെ പ്രതിരോധിക്കാനുള്ള ഉപാധികളല്ല. താഴെ പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ടെങ്കില്‍, ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുക.
1. കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക
2. തുടര്‍ച്ചയായി കണ്ണ് ചിമ്മി, ചിമ്മി തുറന്നു വയ്‌ക്കേണ്ടി വരിക
3. ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ പതറുക
4. അന്നുണ്ടായതോ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതോ ആയ കാര്യങ്ങള്‍ ചിന്തിക്കുക.
5. ഇനി ഡ്രൈവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു ആശങ്കപ്പെടുക
6. തുടര്‍ച്ചയായി കോട്ടുവായിടുക. കണ്ണ് തിരുമ്മുക
7. തലയുടെ ബാലന്‍സ് തെറ്റുന്നത് പോലെ തോന്നുക
8. ശരീരത്തിലാകെ ഒരുതരം അസ്വസ്ഥത അനുഭവപ്പെടുക
ഉറക്കത്തിലേക്ക് പൊടുന്നനേ വഴുതി വീഴും മുമ്പ്, തലച്ചോര്‍ നമുക്ക് നല്‍ക്കുന്ന അപായസൂചനകളാണ് മേല്‍പ്പറഞ്ഞവ ഓരോന്നും. ശരീരത്തിന്റെ വിവിധഭാഗങ്ങള്‍ ഒരേ താളത്തില്‍ ജോലി ചെയ്യുമ്പോള്‍ മാത്രമേ നല്ല രീതിയില്‍ വാഹനമോടിക്കാന്‍ മാത്രമല്ല മറ്റെന്തിനും നമുക്ക് കഴിയുകയുള്ളൂ. അതിനാല്‍ ഈ ലക്ഷണങ്ങളൊക്ക തോന്നിയാല്‍ ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുക എന്നതുതന്നെയാണ് പ്രധാനം. കുറഞ്ഞത് 20 മുതല്‍ 30 മിനിറ്റ് വരെയെങ്കിലും നിര്‍ബന്ധമായും ഉറങ്ങിയതിനു ശേഷം വാഹനം ഓടിച്ചാല്‍ അടുത്ത നാല് മണിക്കൂര്‍ നേരം വരെ ഉറക്കം പിടിച്ചു നിര്‍ത്താം. വഴിയരുകില്‍ നല്ല വെളിച്ചം ഉള്ള ഇടം നോക്കി കുറച്ചു നേരം വാഹനം നിര്‍ത്തി മയങ്ങിയാല്‍ ഒന്നും നഷ്ടപ്പെടുവാന്‍ ഇല്ല. അതല്ല തനിക്ക് ഒന്നും സംഭവിക്കില്ല എന്ന രീതിയില്‍ മുന്നോട് പോകുവനാണ് തീരുമാനം എങ്കില്‍ താങ്കളുടെ മാത്രമല്ല വിശ്വസിച്ചു വാഹനത്തില്‍ ഇരിക്കുന്നവരുടെ ജീവന്‍ കൂടി തുലാസിലാകും.