അച്ഛന്റെ ജീവന്‍ രക്ഷിക്കാന്‍ ഈ കുരുന്ന് കുപ്പിയും പൊക്കിപ്പിടിച്ചു നിന്നത് രണ്ടുമണിക്കൂര്‍
പിതാവിന്റെ ജീവന്‍ രക്ഷിക്കാനായി ആ പെണ്‍കുട്ടി രണ്ട് മണിക്കൂര്‍ നേരം അനങ്ങാതെ ഗ്ലൂക്കോസ് കുപ്പി ഉയര്‍ത്തിപിടിച്ച് നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് കരളലിയിപ്പിക്കുന്ന സംഭവം ഉണ്ടായത്. 54 വയസ്സുള്ള ഏകനാഥ് ഗാവേലിയുടെ ചികിത്സക്കിടെയായിരുന്നു അദ്ദേഹത്തിന്റെ ഏഴ് വയസ്സുള്ള മകളെ ഡോക്ടര്‍ ഇപ്രകാരം പീഡിപ്പിച്ചത്. ശസ്ത്രക്രിയ പൂര്‍ത്തിയായതിന് ശേഷം ഗാവേലിയെ വാര്‍ഡിലേയ്ക്ക് മാറ്റിയപ്പോഴാണ് ഡ്രിപ്പ് സ്റ്റാന്റ് ഇല്ലെന്ന കാരണം പറഞ്ഞ് ഡോക്ടര്‍ ആ പെണ്‍കുട്ടിയെ കൊണ്ട് രണ്ട് മണിക്കൂറോളം ഗ്ലൂക്കോസ് കുപ്പി ഉയര്‍ത്തിപിടിപ്പിച്ചത്.
അച്ഛന്റെ ജീവന്‍ രക്ഷിക്കണമെങ്കില്‍ ഈ കുപ്പി ഉയര്‍ത്തിപ്പിടിക്കണമെന്ന ഡോക്ടറുടെ വാക്കുകള്‍ അതേപടി അനുസരിക്കുകയായിരുന്നു ആ ഏഴ് വയസ്സുകാരി. രണ്ട് മണിക്കൂറോളമാണ് ആ പെണ്‍കുട്ടി അതേ നില്‍പ്പ് നിന്നത്. ചിത്രം വൈറല്‍ ആയതിനു പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍ രോഗിയുടെ ഒപ്പം മുതിര്‍ന്ന അംഗങ്ങള്‍ ആരും ഉണ്ടായിരുന്നില്ലെന്നും ശസ്ത്രക്രിയ കഴിഞ്ഞ് കുട്ടി വാര്‍ഡില്‍ വന്നപ്പോള്‍ കൈയില്‍ ഗ്ലൂക്കോസ് കുപ്പി കൊടുത്ത് ആരോ ചിത്രമെടുക്കുകയായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.