കര്‍ണ്ണാടകയില്‍ വോട്ടിംഗ് പുരോഗമിക്കുന്നു
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് പുരോഗമിക്കുന്നു. 11 മണി വരെ 24 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 222 മണ്ഡലങ്ങളിലായി രണ്ടായിത്തി അറുനൂറോളം സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. സംസ്ഥാനത്തെ 5.12 കോടി വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനം വിനിയോഗിക്കുന്നത്. 56, 696 പോളിംഗ് ബൂത്തുകളാണ് വോട്ടര്‍മാര്‍ക്കായി സജ്ജമാക്കിയിരിക്കുന്നത്. അതേസമയം 224 മണ്ഡലങ്ങളില്‍ രണ്ട് മണ്ഡലങ്ങളിലെ വോട്ടെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. വ്യാജതിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് ആര്‍ആര്‍ നഗറിലെയും ബിജെപി സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് ജയനഗറിലെയും തെരഞ്ഞെടുപ്പാണ് മാറ്റിവച്ചിരിക്കുന്നത്.
സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ പല പ്രമുഖരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പ ഷിമാഗയിലെ ശിക്കാര്‍പൂരില്‍ രാവിലെ 7.15 ഓടെ വോട്ട് രേഖപ്പെടുത്തി. എങ്ങനെയും കര്‍ണാടക പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തിലാണ് ബിജെപി. അതേസമയം ഭരണം നിലനിര്‍ത്താന്‍ ആണ് കോണ്‍ഗ്രസിന്റെ പോരാട്ടം.