കനത്ത പൊടിക്കാറ്റും മഴയും ; ഡല്‍ഹിയില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
രാജ്യതലസ്ഥാനത്തെ ഭീതിയിലാഴ്ത്തി കനത്ത മഴയും പൊടിക്കാറ്റും. പൊടിക്കാറ്റ് രൂക്ഷമായതിന് പിന്നാലെ ആകാശം ഇരുണ്ടു കൂടിയതും ജനങ്ങളില്‍ ഭീതി വര്‍ധിപ്പിച്ചു. ഇതോടെ വിമാന സര്‍വീസ് ഉള്‍പ്പെടെയുള്ള ഗതാഗത സംവിധാനം നിലച്ചു. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ എല്ലാം തടസപ്പെട്ടിരിക്കുകയാണ്. റണ്‍വേയില്‍ ഉള്‍പ്പെടെ പൊടിക്കാറ്റ് കാഴ്ച തടസ്സപെടുത്തിയതിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ തടസപ്പെട്ടത്. ഡല്‍ഹിക്ക് പുറമെ അതിര്‍ത്തി നഗരങ്ങളായ ഗുഡ്ഗാവ്, നോയിഡ എന്നിവിടങ്ങളിലും പൊടിക്കാറ്റ് ശക്തമാണ്.
കാറ്റ് ശക്തിപ്രാചിച്ചതിനെ തുടര്‍ന്ന് വഴിയരികിലുള്ള മരങ്ങള്‍ റോഡിലേക്ക് കടപുഴകി വീണു. ഇതും ഗതാഗത തടസമുണ്ടാകാന്‍ കാരണമായി. മഴ കനത്തില്ലെങ്കിലും മണിക്കൂറില്‍ 50 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റ് വീശുന്നത്. കഴിഞ്ഞയാഴ്ച മുതല്‍ ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ മന്ത്രാലയത്തിന്റെ മുന്നറിയിപ്പു നല്‍കിയിരുന്നു. അതുപോലെ കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. നേരത്തെ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ പൊടിക്കാറ്റില്‍ 140ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.