റഹ്മാന്റെ പേരില്‍ നാട്ടുകാരെ പറ്റിച്ച് ഫ്ലവേര്‍സ് ടിവി ; സംഗീതനിശ നടത്താന്‍ തിരഞ്ഞെടുത്തത് ചെളിക്കുണ്ട് ; കാശിന് വേണ്ടി ഇത്രയും തരംതാണ കളികള്‍ വേണോ എന്ന് സോഷ്യല്‍ മീഡിയ

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു സംഗീത നിശ കാശുണ്ടാക്കുവാനുള്ള ഒരു ഉപാധി മാത്രമായി കണ്ട ചാനല്‍ അധികൃതര്‍ സംഗീത പ്രേമികള്‍ക്ക് നല്‍കിയത് ദുരിതത്തിന്റെ ഒരു ദിനം. കൊച്ചിയില്‍ റഹ്മാന്‍ പാടാന്‍ എത്തുന്നുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ പണമോ സ്ഥലമോ സമയമോ ഒന്നും നോക്കാതെ കണ്ണും പൂട്ടി ഇറങ്ങിത്തിരിച്ച ആയിരക്കണക്കിന് ആരാധകരെയാണ് കഴിഞ്ഞ ദിവസം ഫ്ളവേഴ്സ് ചാനല്‍ ക്രൂരമായി പറ്റിച്ചത്. ടിക്കറ്റ് വെച്ച് നടത്തിയ എആര്‍ റഹ്മാന്‍ ഷോയ്ക്ക് ഫ്ളവേഴ്സ് വേദിയൊരുക്കിയത് ചെളിനിറഞ്ഞ പാടത്ത്. ശ്രീകണ്ഠന്‍ നായരുടെ ഫ്ളവേഴ്സ് ടിവിയും എറണാകുളം മെഡിക്കല്‍ ട്രെസ്റ്റ് ആശുപത്രിയും ചേര്‍ന്നാണ് കൊച്ചിയില്‍ എആര്‍ റഹ്മാന്‍ സംഗീത പരിപാടി സംഘടിപ്പിച്ചത്. ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ ഫ്ളവേഴ്സ് ചാനലില്‍ പരിപാടിയില്‍ പരസ്യവും സ്‌ക്രോളുകളും പോയ്ക്കൊണ്ടിരിക്കുന്നു. ഫ്ളവേഴ്സ് ചാനലിന്റെ ഫേസ്ബുക്ക് പേജിലും ട്വിറ്ററിലും യൂട്യൂബ് ചാനലിലും സമാനമായ പരസ്യങ്ങള്‍ നിറഞ്ഞ് നിന്നു.

നേരത്തെ കേരളത്തില്‍ കോഴിക്കോട് ഒരു തവണ മാത്രം സംഗീത പരിപാടി അവതരിപ്പിച്ചിട്ടേ ഉള്ളൂ എന്നതിനാല്‍ കൊച്ചിയിലെ എര്‍ റഹ്മാന്‍ പരിപാടിക്ക് ആളുകള്‍ ഒഴുകിയെത്തും എന്ന കാര്യത്തില്‍ സംശയമേതും ഇല്ലായിരുന്നു. എന്നാല്‍ കാശ് മാത്രം ലക്ഷ്യമാക്കി തട്ടിക്കൂട്ടിയ പരിപാടിയാണ് അവിടെ നടന്നത് എന്ന് പരിപാടി കാണുവാന്‍ എത്തിയവര്‍ക്ക് എല്ലാം മനസിലായി. അന്താരാഷ്ട്ര സെലിബ്രിറ്റിയായ റഹ്മാന്റെ പരിപാടി ചതുപ്പിലാണോ സംഘടിപ്പിക്കേണ്ടിയിരുന്നത് എന്ന് കാണികള്‍ ഒരേ സ്വരത്തില്‍ ചോദിക്കുന്നു. കലൂര്‍ അടക്കമുള്ള സ്റ്റേഡിയങ്ങളും കണ്‍വെന്‍ഷന്‍ സെന്ററുകളും ഉള്ള എറണാകുളം പോലൊരു സ്ഥലത്ത് കുറ്റിക്കാട്ടില്‍, ചളിക്കുണ്ടില്‍ പരിപാടി ഒരുക്കിയതിന് പിന്നില്‍ നിലം നികത്തല്‍ അടക്കമുള്ള മറ്റ് പല താല്‍പര്യങ്ങളുമാണ് എന്ന ആക്ഷേപവും ഒരു വശത്ത് നിന്നും ഉയരുന്നുണ്ട്. ദിവസങ്ങളായി മഴ പെയ്യുന്ന സ്ഥലത്ത് ഒരു മേല്‍ക്കൂര പോലും ഒരുക്കുവാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ല. 250 മുതല്‍ 5900 രൂപ വരെയാണ് ടിക്കറ്റ് എടുത്തവരാണ് ഒരേപോലെ മഴയും നനഞ്ഞു മണിക്കൂറുകള്‍ നിന്നത്. തൃപ്പൂണിത്തുറ ഇരുമ്പനം മൈതാനത്താണ് പരിപാടി നടക്കുകയെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്.

കൊച്ചിയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി വൈകുന്നേരങ്ങില്‍ മഴ നിലച്ചിട്ടേ ഇല്ല. പണം മുടക്കി ടിക്കറ്റ് എടുത്തവരില്‍ പലരും ഫ്ളവേഴ്സ് ചാനലുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി മഴ പെയ്താലും പരിപാടി നടക്കും എന്നായിരുന്നു. ഇരുമ്പനത്തെ മൈതാനത്തേക്ക് നാല് മണി മുതലായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. ഉച്ച കഴിഞ്ഞതോടെ തന്നെ ആളുകളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. അഞ്ച് മണിയോടെ കനത്ത മഴയും ഇടി മിന്നലും തുടങ്ങി. പാടം നികത്തിയുണ്ടാക്കിയ ഏക്കര്‍ കണക്കിന് മൈതാനം വെള്ളത്തില്‍ മുങ്ങി. മഴ പെയ്താല്‍ കാണികള്‍ നനയാതിരിക്കാനുള്ള യാതൊരു വിധ സജ്ജീകരണങ്ങളും മൈതാനത്ത് ഒരുക്കിയിട്ടുണ്ടായിരുന്നില്ല. സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറ് കണക്കിന് പേര്‍ ടിക്കറ്റെടുത്ത് മഴ നനഞ്ഞ് പരിപാടി കാത്ത് നിന്നു. തുറന്ന മൈതാനം മുഴുവന്‍ മിനുറ്റുകള്‍ കൊണ്ട് ചളിക്കുളമായി മാറിക്കഴിഞ്ഞിരുന്നു. പലരും ഇരിക്കാനിട്ടിരുന്ന കസേരയെടുത്ത് തലയ്ക്ക് മുകളില്‍ പിടിച്ചു. റഹ്മാന്റെത് അടക്കമുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ വലിച്ച് കീറി ഒരു കൂട്ടര്‍ മഴ നനയാതെ നിന്നു. അതിനിടെ പലപ്പോഴായി കനത്ത ഇടിയും മിന്നലുമുണ്ടായതോടെ കാണികള്‍ പരിഭ്രാന്തരായി. അപ്പോഴൊന്നും സംഘാടകരുടെ ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുള്ള അറിയിപ്പും വന്നില്ല.

പരിപാടി നടക്കുമോ ഇല്ലയോ എന്ന കാര്യം പോലും വളണ്ടിയേഴ്സിനടക്കം ഒരു സൂചന പോലും ഇല്ലായിരുന്നു. ജോലി ഒഴിവാക്കിയും ടിക്കറ്റിനും യാത്രയ്ക്കും കാശ് മുടക്കിയും എത്തിയ ആളുകള്‍ മണിക്കൂറുകളോളം ചളിയില്‍ കാലുകള്‍ പുതഞ്ഞ് മഴ കൊണ്ട് നിന്നു. 5000 മുടക്കിയവന്റേതും 250 മുടക്കിയവന്റേതും ഒരേ ദയനീയാവസ്ഥ. പലരും കൂവി വിളിച്ചു. ചിലര്‍ പ്രതിഷേധ സൂചകമായി വേദിയിലേക്ക് പ്ലാസ്റ്റിക് കുപ്പികള്‍ വലിച്ചെറിഞ്ഞു. ഏതാണ്ട് 8 മണിയോടെ ആളുകള്‍ ചെറുകൂട്ടമായി സ്ഥലം വിടാന്‍ തുടങ്ങി. കാര്യം അന്വേഷിച്ചവരോട് പോലീസുകാരന്റെ മറുപടി പരിപാടിയൊന്നുമില്ല, എല്ലാവരും സ്ഥലം വിട്ടോ എന്നായിരുന്നു. പരിപാടിയുടെ സംഘാടകരെ വിശ്വസിച്ച് സ്വന്തം കയ്യിലെ കാശ് മുടക്കി വന്നവരെല്ലാം അന്തം വിട്ട് നിന്നു. മണിക്കൂറുകളോളം മഴ കൊണ്ട് നിന്നവര്‍ക്ക് ഔദ്യോഗികമായി ഒരു അറിയിപ്പ് പോലും നല്‍കാതെയാണ് പരിപാടി മാറ്റിവെച്ചത്. സംഘാടകരില്‍ ആരും തന്നെ വേദിയിലേക്ക് വന്നത് പോലുമില്ല. ബെംഗളൂരുവില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും കാസര്‍കോഡ് നിന്നും എന്തിന് ഗള്‍ഫില്‍ നിന്ന് പരിപാടി കാണാന്‍ വേണ്ടി മാത്രമായി ലീവിന് വന്നവര്‍ പോലുമുണ്ടായിരുന്നു ആ ചതിക്കപ്പെട്ടവരുടെ കൂട്ടത്തില്‍.

മണിക്കൂറുകളോളം കൊച്ചിയിലെ ട്രാഫിക്കില്‍ കുടുങ്ങിയും കിലോമീറ്റുകള്‍ക്കപ്പുറത്ത് വാഹനം കുടുങ്ങി മൈതാനത്തേക്ക് നടന്ന് വന്നവരും അടക്കം അമ്പരപ്പ് മാറാതെ പിന്നെയും മൈതാനത്ത് തന്നെ നിന്നു. പലരും കസേരകള്‍ വലിച്ചെറിഞ്ഞു, ചവിട്ടിത്തകര്‍ത്തു. അരിശം തീരാത്തവര്‍ ഫ്ളക്സുകള്‍ വലിച്ച് കീറി. ചിലരാകട്ടെ ടിക്കറ്റ് കാശ് മുതലാക്കാന്‍ തിരിച്ച് പോകുമ്പോള്‍ നാലഞ്ച് കസേരകളെടുത്ത് കയ്യില്‍ കരുതി. റഹ്മാനോടുള്ള സ്നേഹവും ബഹുമാനവും കാരണമാകണം ഇത്രയേറെ അപമാനിക്കപ്പെട്ടിട്ടും ചതിക്കപ്പെട്ടിട്ടും കാണികള്‍ വലിയ തോതില്‍ അക്രമാസക്തരാകാതിരുന്നത്. അവസാനം ഏറെ വൈകിയ നേരത്ത് റഹ്മാനെ സ്റ്റേജില്‍ എത്തിച്ച് തെളിവുണ്ടാക്കേണ്ടി വന്നു സംഘാടകര്‍ക്ക്. ഇത്ര വലിയ സംഗീതകാരനെ കൊണ്ടുവന്ന് ടിക്കറ്റ് വെച്ച് പരിപാടി നടത്തുമ്പോള്‍ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങള്‍ പോലും സംഘാടകര്‍ ചെയ്തിട്ടില്ല. ഇടിയും മിന്നലുമേറ്റ് അപകടമെന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കില്‍ ആര് സമാധാനം പറയുമായിരുന്നുവെന്ന ചോദ്യത്തിന് സംഘാടകര്‍ക്ക് ഉത്തരമില്ല.

ഏറ്റവും കുറഞ്ഞത് അവിടെ എത്തിയവരെ മാന്യമായി പറഞ്ഞ് വിടുകയെങ്കിലും ചെയ്യേണ്ടതായിരുന്നു. പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിയെന്നും പണം വേണ്ടവര്‍ക്ക് റീഫണ്ട് ചെയ്ത് നല്‍കുമെന്നും സംഘാടകര്‍ പിന്നീട് വിശദീകരിച്ചു. എന്നാല്‍ റഹ്മാന്‍ സംഗീത പരിപാടിയുടെ മറവില്‍ നടക്കുന്നത് നിലം നികത്തലാണ് എന്ന് ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പിന് പരാതി ലഭിച്ചിരുന്നു. നികത്തലിനും നിര്‍മ്മാണ പ്രവര്‍ത്തനത്തിനും സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും ഇത് കണക്കിലെടുക്കാതെയാണ് പരിപാടിക്ക് വേണ്ടി വേദിയൊരുക്കിയതെന്ന് ആക്ഷേപം ഉയരുന്നു. നിലം നികത്തല്‍ പോലുള്ള കച്ചവട താല്‍പര്യത്തിന് വേണ്ടി റഹ്മാനെ പോലൊരു കലാകാരനേയും ആയിരക്കണക്കിന് ആരാധകരേയും സംഘാടകര്‍ അപമാനിക്കുകയായിരുന്നുവെന്നാണ് പൊതുവെ ഉയരുന്ന വികാരം. ഇരുമ്പനത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണീ ഭൂമി.