എടപ്പാള്‍ പീഡനം പ്രതിയെ രക്ഷിക്കാന്‍ കുട്ടിയുടെ അമ്മയുടെ ശ്രമം ; ചൈല്‍ഡ് ലൈനിനെതിരെ പ്രതികാരവുമായി കേരളാ പോലീസും

തിയറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ അനുമതിയോടെയാണ് കുട്ടിക്കെതിരെ അതിക്രമം നടന്നതെന്ന് വ്യക്തമായതോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോക്‌സോ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം ചോദ്യം ചെയ്യലില്‍ ഇവര്‍ എല്ലാം നിഷേധിക്കുകയാണ്. പ്രതിയെ സംരക്ഷിക്കുവാനാണ് ഇവര്‍ ശ്രമിക്കുന്നത്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പീഡനത്തിന് ഇരയായ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും മെഡിക്കല്‍ പരിശോധനയ്ക്കു വിധേയയാക്കുകയും ചെയ്തു. കുട്ടി മുന്‍പും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്. കുട്ടിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയ ശേഷം കൂടുതല്‍ വിശദമായ മൊഴി രേഖപ്പെടുത്തുവാനാണ് പോലീസ് തീരുമാനം.

അതേസമയം തിയേറ്റര്‍ ഉടമയുടെ പരാതിയില്‍ നടപടിയെടുത്ത ചൈല്‍ഡ് ലൈനിനെതിരെ പ്രതികാര നടപടി സ്വീകരിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി ആരോപണം ഉയരുന്നുണ്ട്. ദൃശ്യങ്ങളില്‍ കൃത്രിമം കാട്ടിയെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും ആരോപിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ നീക്കം നടക്കുന്നത്. ഈ വിഷയം കാണിച്ചു നേരത്തെ ചൈല്‍ഡ് ലൈന്‍ പോലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ പോലീസ് കേസ് എടുക്കുവാന്‍ തയ്യാറായിരുന്നില്ല. പ്രതിയെ സംരക്ഷിക്കുവനാണ് പോലീസ് ശ്രമിച്ചത്. എന്നാല്‍ ചാനലിലൂടെ ദൃശ്യങ്ങള്‍ ലോകം കണ്ടതിനെ തുടര്‍ന്ന് പോലീസ് വിഷയത്തില്‍ ഇടപെടാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇതിന്റെ ജാള്യത മറയ്ക്കുവാന്‍ വേണ്ടിയാണ് പോലീസ് ഈ രീതിയില്‍ പെരുമാറുന്നത്. എടപ്പാളിലെ ഒരു തിയേറ്ററില്‍ ഏപ്രില്‍ 18ന് ആണ് സംഭവങ്ങള്‍ നടന്നത്. സംഭവത്തില്‍ തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുന്‍കൂര്‍ജാമ്യം എടുക്കുന്നതിനു വേണ്ടി അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്.