ദുര്‍ഗന്ധത്തിന്‍റെ പേരില്‍ ആഫ്രിക്കന്‍ കുടുംബത്തിനെ വിമാനത്തില്‍ നിന്നും പുറത്താക്കി ; കേസുമായി യുവതി കോടതിയില്‍

വിമാനത്തിനുള്ളില്‍ വര്‍ണ്ണ വേറിക്ക് ഇരയായ യുവതി കോടതിയെ സമീപിച്ചു. ദുര്‍ഗന്ധം ഉണ്ടാകുന്നുവെന്ന വെള്ളക്കാരനായ സഹയാത്രികന്റെ പരാതിയെ തുടര്‍ന്ന് തന്നെയും മക്കളെയും വിമാനത്തില്‍നിന്നു ഇറക്കിവിട്ടതിനെതിരെ നിയമനടപടിയുമായിട്ടാണ് ആഫ്രിക്കന്‍ വനിത അമേരിക്കന്‍ വിമാനക്കമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സിനെതിരെ കോടതിയെ സമീപിച്ചത്. നൈജീരിയ സ്വദേശിനിയായ ക്വീന്‍ ഒബിയോമയാണ് വര്‍ണവിവേചനം കാണിച്ചതിന് വിമാനക്കമ്പനിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നത്. ജോര്‍ജ് ബുഷ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍വച്ച് ഹൂസ്റ്റണില്‍നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള വിമാനത്തിനുള്ളില്‍ രണ്ടുവര്‍ഷം മുമ്പാണ് സംഭവം നടന്നത്. ഒബിയോമയും രണ്ടു മക്കളും വിമാനത്തില്‍ എത്തിയ സമയം തങ്ങള്‍ ബുക്ക് ചെയ്തിരുന്ന സീറ്റില്‍ വെള്ളക്കാരനായ വ്യക്തി ഇരിക്കുന്നതു കണ്ടു. സീറ്റ് മാറിത്തരാന്‍ അയാള്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് വേറെ എതെങ്കിലും സീറ്റില്‍ ഇരിക്കാന്‍ വിമാനജീവനക്കാര്‍ ആവശ്യപ്പെട്ടതായി ഒബിയോമ പരാതിയില്‍ പറയുന്നു. ബിസിനസ് ക്ലാസിലായിരുന്നു അവര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

തുടര്‍ന്ന് വിമാനം പറന്നുയരുന്നതിനു മുമ്പ് ഒബിയോമ ശുചിമുറിയില്‍ പോയി തിരികെയെത്തി. എന്നാല്‍ ഈ സമയത്ത് അകത്തേക്ക് കടക്കുന്നതില്‍നിന്ന് വെള്ളക്കാരനായ യാത്രക്കാരന്‍ ഒബിയോമയെ തടഞ്ഞു. തുടര്‍ന്ന് മൂന്നുവട്ടം ആവശ്യപ്പെട്ടെങ്കിലും വഴിമാറാന്‍ ഇയാള്‍ തയ്യാറായില്ല. പിന്നീട് വളരെ ബുദ്ധിമുട്ടിയാണ് ഉള്ളില്‍ കടന്നത് എന്ന് ഇവര്‍ പരാതിയില്‍ പറയുന്നു. എന്നാല്‍ സീറ്റില്‍ ഇരുന്നിരുന്ന തന്നെയും മക്കളെയും പുറത്തു പോകുവാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു എന്നും ഒബിയോമയില്‍നിന്ന് രൂക്ഷഗന്ധം വമിക്കുന്നുണ്ടെന്നും അതിനാല്‍ ഒപ്പം യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് സഹയാത്രികന്‍ പരാതിപ്പെട്ടതായും പൈലറ്റ് തന്നെ അറിയിച്ചു എന്നും അവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഒബിയോമയും മക്കളും വിമാനത്തില്‍നിന്ന് പുറത്തിറങ്ങി മറ്റൊരു വിമാനത്തില്‍ യാത്ര തുടരുകയായിരുന്നു.