കേന്ദ്രമന്ത്രി സഭയില്‍ പുനസംഘടന ; സ്മൃതി ഇറാനിക്കും കണ്ണന്താനത്തിനും വകുപ്പുകള്‍ നഷ്ടമായി
കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിക്കും കണ്ണന്താനത്തിനും വകുപ്പുകള്‍ നഷ്ടമായി. കാലാവധി പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം മാത്രം അവശേഷിക്കെ നരേന്ദ്ര മോദി മന്ത്രിസഭയില്‍ ഉണ്ടായ അഴിച്ചുപണിയിലാണ് ഇവര്‍ക്ക് തങ്ങളുടെ വകുപ്പുകള്‍ നഷ്ടമായത്. വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് സ്മൃതി ഇറാനിയില്‍ നിന്ന് നീക്കി. പകരം മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡിന് ഈ വകുപ്പിന്റെ സ്വതന്ത്ര ചുമതല നല്‍കി. സ്മൃതി ഇറാനിക്ക് ഇനി മുതല്‍ ടെക്‌സ്‌റ്റൈല്‍സ് വകുപ്പിന്റെ മാത്രം ചുമതലയായിരിക്കും ഉണ്ടാകുക. ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാനചടങ്ങിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വകുപ്പ് നീക്കിയതെന്നാണ് സൂചന.
ആദ്യം മാനവ വിഭവശേഷി മന്ത്രിയായാണ് സ്മൃതി ഇറാനി മന്ത്രിസഭയില്‍ എത്തുന്നത്. എന്നാല്‍, അവരുടെ ബിരുദം സംബന്ധിച്ച് വിവാദമുയര്‍ന്ന പശ്ചാത്തലത്തില്‍ ചുമതലയില്‍ നിന്ന് മാറ്റി ആദ്യ മന്ത്രിസഭാ പുനഃസംഘടനയെ തുടര്‍ന്ന് ടെക്‌സ്റ്റൈല്‍സും വാര്‍ത്താ വിതരണവും നല്‍കുകയായിരുന്നു. കൂടാതെ മലയാളിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പക്കല്‍ നിന്ന് ഐടി ആന്‍ഡ് ഇലക്ട്രോണിക്‌സ് വകുപ്പ് എടുത്തുമാറ്റി എസ്.എസ് അലുവാലിയയ്ക്ക് നല്‍കി. കണ്ണന്താനത്തിന് ഇനി ടൂറിസം വകുപ്പിന്റെ ചുമതല മാത്രമാണ് ഉണ്ടാവുക. ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനമാണ് കണ്ണന്താനത്തിനുള്ളത്.