വീട്ടുകാരുടെ അവഗണന കാരണം രാജ്യത്ത് ഒരു വര്‍ഷം മരിക്കുന്നത് രണ്ടരലക്ഷം പെണ്‍കുഞ്ഞുങ്ങള്‍
ലിംഗവിവേചനം കാരണം ഇന്ത്യയില്‍ വര്‍ഷത്തില്‍ അഞ്ചുവയസ്സിന് താഴെയുള്ള രണ്ടരലക്ഷത്തോളം പെണ്‍കുഞ്ഞുങ്ങള്‍ മരിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. രാജ്യത്തെ പെണ്‍ ഭ്രൂണഹത്യയേക്കാള്‍ ഉയര്‍ന്ന നിരക്കാണിതെന്ന് ദ ലാന്‍സെറ്റ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പോഷകഭക്ഷണം, പരിചരണം, പ്രതിരോധകുത്തിവെപ്പ് തുടങ്ങിയവ നല്‍കുന്നതില്‍ വിവേചനം കാണിക്കുന്നത് ഇവയാണ് പെണ്‍കുഞ്ഞുങ്ങള്‍ ചെറു പ്രായത്തിലെ മരിക്കുന്നതിനു കാരണമാകുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
ഈ പ്രായത്തില്‍ രാജ്യത്ത് മരിക്കുന്ന ആകെ പെണ്‍കുഞ്ഞുങ്ങളുടെ 22 ശതമാനത്തോളം വരുമിത്. യു.പി., ബിഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മരണസംഖ്യ ഏറ്റവും കൂടുതല്‍. ഓസ്ട്രിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അപ്ലൈഡ് സിസ്റ്റംസ് അനാലിസിസ് ആണ് 46 രാജ്യങ്ങളെ ഉള്‍പ്പെടുത്തി പഠനം നടത്തിയത്.