എം എല്‍ എമാര്‍ക്ക് ബിജെപി നൂറുകോടി വീതം വാഗ്ദാനം ചെയ്തു എന്ന് കുമാരസ്വാമി

കര്‍ണ്ണാടകയില്‍ ഭരണം പിടിക്കാന്‍ എംഎല്‍എമാരെ പണമെറിഞ്ഞ് വീഴ്ത്തുക എന്ന തന്ത്രം ബിജെപി പയറ്റുകയാണ്. തങ്ങളുടെ എംഎല്‍എമാര്‍ക്ക് ബിജെപി നൂറ് കോടി രൂപ വീതം വാഗ്ദാനം ചെയ്തെന്ന് ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി ആരോപിച്ചു. ജെ ഡി എസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പിയുമായി സഖ്യത്തിനില്ല. കര്‍ണാടകത്തില്‍ സര്‍ക്കാരുണ്ടാക്കാമെന്നത് മോദിയുടെ വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക പിസിസി അധ്യക്ഷന്‍ ജി പരമേശ്വരയോടൊപ്പം വീണ്ടും ഗവര്‍ണറെ കാണുമെന്നും സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി.

ജെഡിഎസ് എംഎല്‍എമാര്‍ക്ക് നൂറ് കോടിവീതമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എവിടെ നിന്നാണ് ബിജെപിക്ക് ഈ കള്ളപ്പണം വരുന്നത്. പാവപ്പെട്ടജനങ്ങളുടെ സേവകരായ ഇവര്‍ ഇന്ന് പണം വാഗ്ദാനം ചെയ്യുകയാണ്. എവിടെയാണ് ആദായനികുതി ഉദ്യോഗസ്ഥര്‍. കുമാരസ്വാമി ചോദിക്കുന്നു. രണ്ട് വശത്തുനിന്നും എനിക്ക് വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നു. ഞാന്‍ ഇത് വെറുതെ പറയുന്നതല്ല. 2004 ഉം 2005 ലും ബിജെപിയ്ക്കൊപ്പം പോയ എന്റെ തീരുമാനം അച്ഛന്റെ ജീവിതത്തില്‍ കറുത്തപാട് സൃഷ്ടിച്ചിട്ടുണ്ട്. ആ കറുത്തപാട് മായ്ച്ച് കളയാന്‍ ദൈവം എനിക്കിപ്പോള്‍ ഒരവസരം തന്നിരിക്കുകയാണ്. അതിനാല്‍ ഞാന്‍ കോണ്‍ഗ്രസിനൊപ്പം പോവുകയാണ്. അദ്ദേഹം വ്യക്തമാക്കി. അതുപോലെ തങ്ങളുടെ പക്ഷത്തുനിന്ന് ഒരാളെ കൊണ്ടുപോകാന്‍ ബി ജെ പി ശ്രമിച്ചാല്‍ രണ്ടുപേരെ ഇവിടേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് അറിയാം. കുതിരക്കച്ചവടത്തിന് അവസരം ഒരുക്കരുതെന്ന് ഗവര്‍ണറോട് അപേക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.