കര്‍ണ്ണാടക ; ഭരണം പിടിക്കാന്‍ കച്ചകെട്ടി ഇരു കക്ഷികളും രംഗത്ത്
അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ബി.ജെ.പി.യും ഫലപ്രഖ്യാപനത്തിനിടെ രൂപംകൊണ്ട കോണ്‍ഗ്രസ്- ജനതാദള്‍ (എസ്) സഖ്യവും ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ കത്തുനല്‍കി. കേവല ഭൂരിപക്ഷത്തെ (112)ക്കാള്‍ നാലു സീറ്റുകള്‍ കോണ്‍ഗ്രസ്- ജനതാദള്‍ (എസ്) (116) സഖ്യത്തിനുണ്ട്. കേന്ദ്രഭരണത്തിന്റെയും വലിയ ഒറ്റകക്ഷിയെന്നതിന്റെയും ബലത്തില്‍ സര്‍ക്കാരുണ്ടാക്കാനാണ് ബി.ജെ.പി.യുടെ തീവ്രശ്രമം. മന്ത്രിസഭയുണ്ടാക്കാന്‍ ആരെ ക്ഷണിക്കുമെന്ന കാര്യത്തില്‍ ഗവര്‍ണര്‍ വാജുഭായി വാല നിലപാട് വ്യക്തമാക്കിയിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാജ്യം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവലഭൂരിപക്ഷം നേടാനായില്ല. വോട്ടുകള്‍ എണ്ണി തുടങ്ങി ഉച്ചവരെ ബി.ജെ.പി.ക്ക് തനിച്ച് ഭൂരിപക്ഷം കിട്ടുമെന്നായിരുന്നു സൂചന. ഉച്ചയോടെ തൂക്കുസഭയാകുമെന്ന അവസ്ഥ വന്നു. ഇതോടെ കോണ്‍ഗ്രസ് നേതൃത്വം ഉണര്‍ന്നു. ചടുലമായ രാഷ്ട്രീയനീക്കങ്ങള്‍ നടത്താറുള്ള ബി.ജെ.പി.യെ ഞെട്ടിച്ച് ഇത്തവണ കോണ്‍ഗ്രസ് ഒരുമുഴം മുന്‍പേ എറിഞ്ഞു.
ജനതാദളി(എസ്)ന് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയെ സോണിയാ ഗാന്ധി നേരിട്ട് വിളിച്ചു. അദ്ദേഹത്തിന്റെ മകന്‍ കുമാരസ്വാമിക്ക് മുഖ്യമന്ത്രിസ്ഥാനം നല്‍കി നിരുപാധികം പിന്തുണയ്ക്കാമെന്ന വാഗ്ദാനം മുന്നോട്ടുവെച്ചു. പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി. പരമേശ്വരയും ദളിന് പിന്തുണ പരസ്യമായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസിനെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാരിനോടാണ് താത്പര്യമെന്ന് ദേവഗൗഡയും വ്യക്തമാക്കി. തുടര്‍ന്ന് കേന്ദ്രഭരണത്തിന്റെ ബലത്തില്‍ ബി.ജെ.പി.യും രംഗത്തെത്തി. കോണ്‍ഗ്രസ്-ജനതാദള്‍ നേതാക്കളെ കാണാന്‍ ഗവര്‍ണര്‍ വാജുഭായ് വാല ആദ്യം അനുമതി നിഷേധിക്കുകയും ചെയ്തു. അല്പസമയത്തിനുശേഷം ബി.ജെ.പി. നേതാവ് ബി.എസ്. യെദ്യൂരപ്പ ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം തങ്ങള്‍ക്ക് അവസരം തരണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ, കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവഡേക്കര്‍, ജെ.പി. നഡ്ഡ, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരെ ബി.ജെ.പി. അധ്യക്ഷന്‍ ബെംഗളൂരുവിലേക്ക് അയച്ചു. കോണ്‍ഗ്രസില്‍നിന്നും ജനതാദളില്‍നിന്നും എം.എല്‍.എ.മാരെ അടര്‍ത്തിയെടുക്കാന്‍ ശ്രമം തുടങ്ങിയെന്ന അഭ്യൂഹങ്ങളും പരന്നു.