മത്സരാര്‍ത്ഥികള്‍ പരിധി വിടുന്നു ; ബിഗ്‌ ബോസ്സ് റിയാലിറ്റി ഷോയ്ക്ക് എതിരെ കേസുമായി വിദ്യാര്‍ത്ഥി

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിനെതിരെയാണ് നാസിക്കിലെ വിദ്യാര്‍ഥിയായ ഋഷികേശ് ദേശ്​മുഖ് കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. മത്സരാര്‍ഥികളായ രാജേഷ് ശൃംഗാപുരെയും രേഷം ടിപ്നിസും മര്യാദയുടെ സീമ ലംഘിക്കുന്നുവെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. വിവാഹിതനായിട്ടും രാജേഷ് ടിപ്നിസുമായി നാണംകെട്ട് കൊഞ്ചിക്കുഴയുകയാണെന്നും ഇരുവരും ടെലിവിഷനില്‍ ലജ്ജയില്ലാതെ കിടക്ക പങ്കിടുകയും ചുംബിക്കുകയുമെല്ലാം ചെയ്യുകയാണെന്നും പരാതിയില്‍ പറയുന്നു. ഷോയില്‍ രാജേഷ് ടിപ്നിസിന്റെ പ്രണയാഭ്യര്‍ഥന സ്വീകരിക്കുകയും ഇത് തന്റെ ഭാര്യ അംഗീകരിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തനിക്ക് രാജേഷിന്റെ ഭാര്യയെ ഭയമാണെന്ന് ടിപ്നിസ് പറഞ്ഞപ്പോഴായിരുന്നു ഈ പ്രതികരണം. ഇത് വലിയ വിവാദമായിരുന്നു.

ഇതിനെക്കുറിച്ച് മാധ്യമങ്ങള്‍ രാജേഷിന്റെ ഭാര്യയോട് അഭിപ്രായമാരാഞ്ഞെങ്കിലും അവര്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. ട്വിറ്ററിലും വലിയ ചര്‍ച്ചയാണ് ഇതിനെക്കുറിച്ച് നടക്കുന്നത്. ഇതിനിടെയാണ് ഷോയ്ക്കെതിരേ പരാതി വന്നിരിക്കുന്നത്. സംഭവം വിവാദമായതോടെ ഷോയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നാണ് അവതാരകനായ മഹേഷ് മഞ്ജരേക്കര്‍ പറയുന്നത്. പരിപാടിയുടെ മറാഠി പതിപ്പാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഉടനെ തന്നെ മലയാളത്തിലും ഈ പ്രോഗ്രാം എത്തുന്നതാണ്. മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ ആകും ഈ പ്രോഗ്രാമിന്റെ അവതാരകന്‍. മുന്‍പ് മലയാളി ഹൌസ്‌ എന്ന പേരില്‍ ബിഗ്‌ ബോസിന്‍റെ മലയാള പതിപ്പ് ഇറങ്ങിയിരുന്നത് അന്ന് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.